Uncategorized
കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവം: നിർദേശം നൽകിയത് ‘വിക്രം’ എന്ന് പ്രതി; പിന്നിൽ ആരെന്ന് കണ്ടെത്താനാകാതെ പൊലീസ്

കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിന് പിന്നിൽ ഇന്ത്യയ്ക്കുള്ളിൽ നിന്നുള്ള അട്ടിമറി നീക്കമാണോയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോൾ, തനിക്ക് നിർദേശം നൽകിയത് വിക്രം എന്ന പേരിലുള്ളയാളാണെന്ന് മൊഴി നൽകി. എന്നാൽ, വിക്രം തന്നെയാണോ സംഭവത്തിന് പിന്നിലെ ബോസ് എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കസ്റ്റഡി കാലാവധി പൂർത്തിയായതോടെ എബിൻ പോളിനെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഫോൺ പരിശോധനയിലൂടെ നിർദേശം നൽകിയതായി പറയപ്പെടുന്ന വ്യക്തിയെക്കുറിച്ചും സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.




