യുഎഇയിൽ ടാങ്കർ കാറിലിടിച്ച് ഇരുപതുകാരിയായ വിദ്യാർത്ഥിനി മരിച്ചു; സുഹൃത്തിന് പരിക്ക്

റാസൽഖൈമ: യുഎഇയിലെ അൽ ദൈദ് റോഡിൽ പെട്രോളിയം ഉൽപ്പന്നങ്ങളുമായി വന്ന ടാങ്കർ കാറിലിടിച്ച് 20കാരിയായ എമിറാത്തി സർവ്വകലാശാല വിദ്യാർത്ഥിനി മരിച്ചു. കാർ ഓടിച്ചിരുന്ന സഹപാഠിയായ മറ്റൊരു പെൺകുട്ടിയുടെ കൈക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയായിരുന്നു ദാരുണമായ സംഭവം.
അൽ ഐനിലെ യുഎഇ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം കഴിഞ്ഞ് റാസൽഖൈമയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ലെയ്നിലേക്ക് പെട്ടെന്ന് നിയന്ത്രണം വിട്ടെത്തിയ ടാങ്കർ, മരണപ്പെട്ട പെൺകുട്ടി ഇരുന്ന വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മറ്റ് നാല് സഹപാഠികൾക്കൊപ്പം മിനിബസിലായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി സാധാരണ വീട്ടിലേക്ക് മടങ്ങിയിരുന്നത്. വെള്ളിയാഴ്ചയും മിനിബസിൽ യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും, സ്വന്തമായി കാറുള്ള സഹപാഠി തനിക്കൊപ്പം യാത്ര ചെയ്യാൻ പെൺകുട്ടിയെ ക്ഷണിക്കുകയായിരുന്നു.
തനിച്ചു യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ സുഹൃത്തിന്റെ നിർബന്ധപ്രകാരമാണ് പെൺകുട്ടി കാറിൽ കൂടെപ്പോകാൻ സമ്മതിച്ചത്. സ്നേഹസമ്പന്നയും മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടായിരുന്ന ആളുമായിരുന്നു മരിച്ച പെൺകുട്ടിയെന്ന് സഹപാഠികളും സുഹൃത്തുക്കളും അനുസ്മരിച്ചു. ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ചവരോടോ കൂട്ടുകാരോടോ ഒരിക്കൽ പോലും വഴക്കിടാത്ത ശാന്തസ്വഭാവക്കാരിയായിരുന്നു അവരെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം നടന്ന ജനാസ നമസ്കാരത്തിന് ശേഷം മൃതദേഹം അൽ ഒറൈബി ഖബർസ്ഥാനിൽ ഖബറടക്കി.



