Uncategorized

ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളം; മേളപ്രമാണിയായി ഇക്കുറിയും ജയറാം

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പവിഴമല്ലിത്തറ മേളത്തില്‍ ഇത്തവണയും മേളപ്രമാണിയായി നടന്‍ ജയറാം. ഇത് 13-ാം തവണയാണ് ജയറാം മേള പ്രമാണിയാകുന്നത്. നൂറ്റിയന്‍പതിലേറെ വാദ്യമേള കലാകാരന്മാർ ജയറാമിന്‍റെ നേതൃത്വത്തില്‍ മേളത്തിനായി അണിനിരക്കും. മേളത്തിന് മുന്നോടിയായി ജയറാം ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി. ഓർമ്മ വെച്ച നാൾ മുതൽ ഓടിക്കളിച്ച തിരുനടയാണ് ചോറ്റാനിക്കര. ഇവിടെ കൊട്ടാൻ സാധിക്കുന്നത് ഭാഗ്യമാണ്. പ്രഗത്ഭരായ ഒട്ടേറെ കലാകാരന്മാർ എന്നോടൊപ്പം മേളത്തിൽ പങ്കെടുക്കുന്നുണ്ട്, ജയറാം പറയുന്നു.

സിനിമയ്ക്ക് പുറമെ ജയറാമിന് ഏറെ താല്‍പര്യമുള്ള മേഖലകളിലൊന്നാണ് ചെണ്ടവാദനം. സിനിമയില്‍ എത്തിയതിന് ശേഷമാണ് അദ്ദേഹം ചെണ്ട ഔപചാരികമായി പഠിക്കാന്‍ തുടങ്ങിയത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അടക്കമുള്ളവരുടെ ശിക്ഷണത്തിലായിരുന്നു പഠനം. കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ വച്ച് 2017 ല്‍ ആയിരുന്നു പാണ്ടിമേളത്തില്‍ ജയറാമിന്‍റെ അരങ്ങേറ്റം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ശിക്ഷണത്തില്‍ 101 വാദ്യ കലാകാരന്മാരുടെ അകമ്പടിയോടെ ആയിരുന്നു ഇത്. പഞ്ചാരിയില്‍ അതിന് മുന്‍പേ അദ്ദേഹം നിരവധി വേദികളില്‍ പ്രതിഭ തെളിയിച്ചിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വപാനം എന്ന ചിത്രത്തില്‍ ഒരു ചെണ്ട കലാകാരനായി ജയറാം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

സിനിമയില്‍ ഇപ്പോള്‍ മലയാളത്തിനേക്കാള്‍ ജയറാം സജീവമായിരിക്കുന്നത് മറുഭാഷകളിലാണ്. ആശകള്‍ ആയിരം ആണ് മലയാളത്തില്‍ അദ്ദേഹത്തിന്‍റേതായി അവസാനമെത്തിയ ചിത്രം. മകന്‍ കാളിദാസ് ജയറാമും ഈ ചിത്രത്തില്‍ ഒപ്പം അഭിനയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button