Uncategorized

‘നിയമ ലംഘനമുണ്ടായാൽ ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ പിഴ’; പുതിയ ഓണ്‍ലൈന്‍ ടാക്‌സി ചട്ടത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം: പുതിയ ഓണ്‍ലൈന്‍ ടാക്‌സി ചട്ടം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ബൈക്ക് ടാക്‌സികള്‍ക്ക് കിലോമീറ്ററിന് പത്തു രൂപാ നിരക്ക് ആക്കാനാണ് നീക്കം. മഞ്ഞ നമ്പര്‍ പ്ലേറ്റുള്ള ബൈക്ക് ടാക്‌സികള്‍ക്ക് മാത്രമേ സര്‍വീസ് നടത്താന്‍ സാധിക്കൂ. കാറുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ 50% ഇളവ് കമ്പനികള്‍ക്ക് നല്‍കാം. തിരക്കേറിയ സമയത്ത് സര്‍ക്കാര്‍ നിശ്ചയിച്ച തുകയുടെ രണ്ടിരട്ടി വരെ ഈടാക്കുന്നതിനും അനുമതി ഉണ്ടാകും.

പൂള്‍ റൈഡിങ് നാല് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മാത്രമേ അനുവദിക്കൂ. ഒന്നിലധികം ആളുകള്‍ക്ക് ഒരുമിച്ച് യാത്ര ചയ്യാനുള്ള സംവിധാനമാണ് പൂള്‍ റൈഡ്. ഇതില്‍ ആദ്യം ബുക്ക് ചെയ്ത ആള്‍ നല്‍കിയിരിക്കുന്ന ദൂരപരിധിയുടെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് അനുമതി ഉണ്ടായിരിക്കുക. കൂടാതെ സ്ത്രീകള്‍ക്ക് സ്ത്രീകളെ തെരഞ്ഞെടുത്ത് പോകാനുള്ള സംവിധാനം ഉണ്ടാകണം എന്നും കമ്പനികൾക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എട്ടു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ചട്ടമുണ്ട്.ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കണം എന്നതാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യ, ടേം ഇന്‍ഷുറന്‍സുകള്‍ നിര്‍ബന്ധമാണ്. ഡ്രൈവര്‍മാര്‍ക്ക് പൊലീസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മദ്യം, ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിച്ച് പിടിച്ചവരെയും മറ്റ് ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരെയും ഡ്രൈവര്‍മാരായി നിയമിക്കരുത്. ഓണ്‍ലൈന്‍ കമ്പനി നിയമലംഘനം നടത്തിയാല്‍ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ഈടാക്കാം എന്നാണ് പുതിയ ചട്ടത്തിലുള്ളത്.

സുരക്ഷിതമായ ഒരു ഓണ്‍ലൈന്‍ ടാക്‌സി സമ്പ്രദായം കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ ഒരു മാസത്തിനകം അറിയിക്കാം എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശം. പരമ്പരാഗത ടാക്‌സി തൊഴിലാളികളുമായി ഓണ്‍ലൈന്‍ ടാക്‌സി ജീവനക്കാരുടെ തര്‍ക്കം തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ പുതിയ ചട്ടം പുറത്തിറക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button