പ്രസംഗത്തിലൂടെ ലഹളയുണ്ടാക്കാൻ ശ്രമിച്ചു; അധിക്ഷേപ പരാമർശത്തിൽ ആർ ശ്രീലേഖക്കെതിരെ കേസ്

വിവാദ പരാമർശത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖയ്ക്കെതിരെ കേസ്. ശ്രീലേഖയുടെ പ്രസംഗം പ്രവർത്തകരുടെ ഇടയിൽ ലഹളയുണ്ടാക്കാനുള്ള ശ്രമം എന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആർ. പുനലൂർ പൊലീസ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്
രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിലാണ് കേസെടുത്തത്. പ്രസംഗത്തിന്റെ പേരിൽ കലാപം ഉണ്ടായാൽ ഒരുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കലാപം ഉണ്ടായില്ലെങ്കിൽ ആഹ്വാനത്തിന്റെ പേരിൽ ആറുമാസംവരെ തടവ് ശിക്ഷ ലഭിക്കാം. ബിഎൻഎസ് 192-ാം വകുപ്പ് പ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയത്. പുനലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. വിജയകുമാറിന്റെ പരാതിയിലാണ് കേസ്.പുനലൂരിൽ ബിജെപി നടത്തിയ ജനജാഗ്രത സദസിൽ വെച്ചാണ് തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് രാഹുൽ ഗാന്ധിയുടേതെന്നും അതാണ് ദില്ലി സമരത്തിൽ കാണിക്കുന്നതെന്നും ആയിരുന്നു ആർ ശ്രീലേഖ പറഞ്ഞത്.രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞ് ദില്ലി മലിനമാക്കുന്നുവെന്നും ആർ ശ്രീലേഖ പറഞ്ഞിരുന്നു. ശ്രീലേഖയുടെ പരാമർശം ഒരു ലോക്സഭ പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്നതാണെന്നാണ് പരാതി.




