കടുത്ത സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മിനിമം ബസ് ചാർജ് 20 രൂപയാക്കണമെന്നും വിദ്യാർഥി കൺസഷൻ 10 രൂപയാക്കണമെന്നുമാണ് സ്വകാര്യ ബസ് ഫെഡറേഷൻറെ പ്രധാന ആവശ്യം.
കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി വന്നതോടെ സ്ത്രീകൾ സ്വകാര്യ ബസുകളിൽ കയറുന്നില്ലെന്നും സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാവുന്നില്ലെന്നുമാണ് സ്വകാര്യ ബസ് ഫെഡറേഷൻ പറയുന്നത്. ഇടയ്ക്ക് ഇടയ്ക്ക് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പിന്തുണ പറയും. പദ്മകുമാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ ചർച്ച പോലും നടന്നിട്ടില്ല. നവംബർ 3 മുതൽ ഒറ്റ സ്വകാര്യ ബസും ഓടില്ലെന്നും 50 ശതമാനം ബസുകളിലും യാത്രക്കാരില്ലെന്നുമാണ് സംഘടന പറയുന്നത്.
നേരത്തെ തന്നെ കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനോ പോലും വരുമാനം ലഭിക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വിവിധ പ്രക്ഷോഭ സമരങ്ങൾക്ക് രൂപം നൽകിയിരുന്നു.




