തെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റമാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യം; രാജ്നാഥ് സിംഗിന് മറുപടിയുമായി കോൺഗ്രസ്

ദില്ലി: ബംഗ്ലാദേശിൽ നടന്നതുപോലെ ഇന്ത്യയിലും ഭരണമാറ്റം കൊണ്ടുവരാനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിൻ്റെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. തെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റം നടത്താനാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യമെന്ന് ദില്ലി എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തങ്ങൾ ‘വോട്ട് ചോർ ഗഡ്ഡി ചോഡ്’ (വോട്ടുകള്ളാ, കസേര വിട്ടിറങ്ങൂ) എന്നൊരു കാമ്പയിൻ നടത്തുന്നുണ്ടെന്നും രാജ്യം മുഴുവൻ ഇത് പരസ്യമായി പറയുന്നുണ്ടെന്നും പവൻ ഖേര പറഞ്ഞു. ഈ സർക്കാരിനെ പരാജയപ്പെടുത്തണമെന്നും ഈ വ്യവസ്ഥിതി മാറ്റണമെന്നുമാണ് തങ്ങളുടെ ഉദ്ദേശ്യം. രാജ്നാഥ് സിംഗ് എന്തിനാണ് മുന്നോട്ട് വന്നത്? ഭരണം മാറ്റുമെന്ന് തന്നെയാണ് തങ്ങൾ പറയുന്നത്. തെരഞ്ഞെടുപ്പിലൂടെ ഭരണം മാറ്റുക എന്നത് തന്നെയാണ് എപ്പോഴും പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും പവൻ ഖേര വ്യക്തമാക്കി.
1977ൽ എന്താണ് സംഭവിച്ചതെന്നും അന്ന് ഭരണം മാറിയില്ലേ എന്നും പവൻ ഖേര ചോദിച്ചു. പ്രതിപക്ഷം തെരുവിലിറങ്ങുകയും ഒരു സമരം നടക്കുകയും ചെയ്യുമ്പോഴെല്ലാം ഭരണം മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാറുണ്ട്. ഇന്ത്യയെപ്പോലെയുള്ള ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് ഭരണം മാറ്റം സംഭവിക്കുന്നത്, അത് തെരഞ്ഞെടുപ്പിലൂടെയാണെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.




