‘ഇന്ദിര ജനാധിപത്യത്തെ ജയിലിലടച്ചു, രാഹുൽ ഭരണഘടന പോക്കറ്റിലിട്ട് നടന്ന് അരാജകത്വം സൃഷ്ടിക്കുന്നു’; ആഞ്ഞടിച്ച് രാജ്നാഥ് സിങ്

ലക്നൗ: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ജനാധിപത്യത്തിൻ്റെ പേര് പറഞ്ഞ് അരാജകത്വം അഴിച്ചുവിടാനാകില്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഭരണഘടന പോക്കറ്റിലിട്ട് രാഹുൽ അരാജകത്വം പ്രചരിപ്പിക്കുന്നു. സുപ്രീംകോടതി വിമർശനവും ആ വഴിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നശീകരണത്തിൻ്റെ രാഷ്ട്രീയമാണ് രാഹുലിൻ്റേതെന്ന് വിമർശിച്ച രാജ്നാഥ് സിംഗ്, ജനാധിപത്യത്തെ അഴിക്കുള്ളിലാക്കിയ ആളാണ് രാഹുലിൻ്റെ മുത്തശിയെന്ന കാര്യം ആരും മറന്നിട്ടില്ലെന്നും പറഞ്ഞു.
“കോൺഗ്രസ് ഭരണത്തിലും ഒത്താശയിലും പൊറുക്കാനാവാത്ത മൂന്ന് വലിയ തെറ്റുകളാണ് ഇതുവരെ നടന്നത്. 1975ൽ ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന അടിയന്തരാവസ്ഥയാണ് ഇതിൽ ഒന്നാമത്തേത്. 1984ൽ കോൺഗ്രസിന്റെ ഒത്താശയോടെ നടന്ന സിഖ് കൂട്ടക്കൊലയാണ് രണ്ടാമത്തെ തെറ്റ്. രാമഭക്തരായ കർസേവകരുടെ ചോരപ്പുഴ ഒഴുക്കിയ സർക്കാരിനെ 1990ൽ പിന്തുണച്ച് നിലനിർത്തിയതാണ് അവരുടെ മൂന്നാമത്തെ വലിയ തെറ്റ്”- രാജ്നാഥ് സിംഗ് പറഞ്ഞു. ഭരണഘടനയെയും സ്വയംഭരണ സ്ഥാപനങ്ങളെയും നിരന്തരം ആക്രമിച്ച് കോൺഗ്രസ് ഇപ്പോൾ തങ്ങളുടെ നാലാമത്തെ ചരിത്രപരമായ തെറ്റാണ് ചെയ്യുന്നതെന്ന് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.
ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിച്ചു കോൺഗ്രസ് ഇന്ന് നാലാമത്തെ തെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 1975ൽ ഇന്ദിരാഗാന്ധി ജനാധിപത്യത്തെ ജയിലിലടച്ചു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധി ഭരണഘടനയെ പോക്കറ്റിലിട്ട് നടന്ന് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിന്റെ ചരിത്രമെടുത്തു നോക്കിയാൽ ഇതുപോലെ ഒരുപാട് ഇരുണ്ട അധ്യായങ്ങൾ കാണാൻ കഴിയുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ബലികൊടുക്കാൻ കഴിയില്ല. ഈ യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. കൃത്രിമമായ രോഷം ഉണ്ടാക്കിയും സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തിയും രാഷ്ട്രീയ അവസരവാദം കാണിച്ചും ഇന്ത്യയുടെ വികസന യാത്രയെ തടയാൻ കഴിയില്ല. ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന പേരിൽ നശീകരണത്തിൻ്റെ രാഷ്ട്രീയം കളിക്കുന്നതിന് പകരം, രാഹുൽ ഗാന്ധി ജനവിധി മാനിക്കണം. സ്വന്തം രാഷ്ട്രീയ റോളെന്താണെന്ന് അദ്ദേഹം സ്വയം ചിന്തിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ നടന്നതുപോലെ ഇന്ത്യയിലും ഭരണമാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. യുവാക്കളെ കരുവാക്കി രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ തകർത്ത് രാജ്യത്ത് തീയിടുക എന്നത് മാത്രമാണ് ഇവരുടെ അജണ്ടയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇവരുടെ സമരം തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന് വേണ്ടിയോ എസ്ഐആർ അല്ലെങ്കിൽ ഗ്യാനേഷ് കുമാറിന് വേണ്ടിയോ അല്ല. യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയുമല്ല. രാജ്യത്ത് അരാജകത്വം ഉണ്ടാക്കി അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചന മാത്രമാണിതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.




