Uncategorized

അബദ്ധത്തിൽ ഭൂചലന മുന്നറിയിപ്പ് നൽകി ജപ്പാൻ; രണ്ട് മിനിറ്റിനുള്ളിൽ പിൻവലിച്ചു, പിഴവ് സമ്മതിച്ച് ജെഎംഎ

9.9 തീവ്രതയുള്ള ഭൂചലന മുന്നറിയിപ്പ് അബദ്ധത്തിൽ പുറപ്പെടുവിച്ച് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ). വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. റഷ്യയിലെ കംചത്ക ഉപദ്വീപിന് സമീപം 6.9 തീവ്രതയുള്ള ഭൂകമ്പമുണ്ടായതിന് പിന്നാലെയാണ് ജപ്പാനിലും മുന്നറിയിപ്പ് നൽകുന്നത്. പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു.

ജപ്പാന്റെ വടക്കൻ, കിഴക്കൻ, മധ്യ മേഖലകളിൽ ശക്തമായ ഭൂചലനമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ജപ്പാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആദ്യഘട്ട മുന്നറിയിപ്പ് സംവിധാനത്തിൽ കുരിൽ ദ്വീപുകൾക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് രേഖപ്പെടുത്തിയിരുന്നത്. 140 കിലോമീറ്റർ ആഴത്തിൽ 9.9 തീവ്രതയുള്ള ഭൂകമ്പമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ.

ഹൊക്കൈഡോ മുതൽ ടോകായ് മേഖല വരെയുള്ള വിശാലമായ പ്രദേശങ്ങളിലേക്കാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ മുന്നറിയിപ്പ് പിൻവലിച്ച ജെഎംഎ, ഭൂകമ്പത്തിന്റെ തീവ്രത കണക്കാക്കിയതിൽ പിഴവുണ്ടായതാണ് കാരണമെന്ന് വ്യക്തമാക്കി. 9.9 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയിരുന്നെങ്കിൽ അത് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനമാകുമായിരുന്നു. 1960ൽ ചിലിയിൽ ഉണ്ടായ 9.5 തീവ്രതയുള്ള ഭൂകമ്പമാണ് നിലവിൽ ഏറ്റവും വലുത്.

വെള്ളിയാഴ്ച റഷ്യയിലെ കംചത്ക ഉപദ്വീപിന് സമീപം 6.9 തീവ്രതയുള്ള ഭൂകമ്പമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 135 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആദ്യഘട്ടത്തിൽ ഭൂകമ്പത്തിന്റെ തീവ്രത 7 ആയി കണക്കാക്കിയിരുന്നെങ്കിലും പിന്നീട് ഇത് 6.9 ആയി പുതുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button