എനർജി ഡ്രിങ്ക് ലേബൽ വിലക്ക്; 2 മാസത്തിനുള്ളില് തങ്ങളുടെ ഉല്പ്പന്നങ്ങള് ഇന്ത്യയില് ഇല്ലാതാകുമെന്ന് പെപ്സികോ

ന്യൂഡല്ഹി: എനര്ജി ഡ്രിങ്ക് എന്ന ലേബല് ഉപയോഗിക്കുന്നതിന് ഏര്പ്പെടുത്തിയ വിലക്ക് തുടരുകയാണെങ്കില് രണ്ടുമാസത്തിനുള്ളില് തങ്ങളുടെ ഉല്പ്പന്നങ്ങള് ഇന്ത്യന് വിപണിയില് ഇല്ലാതാകുമെന്ന് പെപ്സികോ. ഡല്ഹി ഹൈക്കോടതിയിലാണ് പെപ്സികോയുടെ വാദം. ഫുഡ് സേഫ്റ്റി ആന്ഡ് സ്റ്റാന്ഡേര്ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഏര്പ്പെടുത്തിയ വിലക്ക് നീക്കണമെന്ന പെപ്സികോയുടെ ആവശ്യം ഡല്ഹി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും തള്ളിയിരുന്നു. വിലക്ക് നീക്കാത്തതിനാല് നിലവിലുള്ള സ്റ്റോക്ക് മാത്രമാണ് പെപ്സികോയ്ക്കും മോണ്സ്റ്ററിനും റിലയന്സ് കണ്സ്യൂമറിനും ഈ ലേബലോടെ വില്ക്കാന് കഴിയുക.
വിലക്ക് തുടര്ന്നാല് രണ്ടുമാസത്തിനുള്ളില് വിപണിയില് ഉല്പ്പന്നങ്ങള് ലഭ്യമാകില്ലെന്ന് പെപ്സികോയുടെ അഭിഭാഷകന് സന്ദീപ് സേത്തിയാണ് കോടതിയില് അറിയിച്ചത്. എതിരാളികള്ക്ക് ഉല്പ്പാദനം തുടരാന് കഴിയുന്ന സാഹചര്യത്തില് പെപ്സികോയ്ക്ക് മാത്രം നിയന്ത്രണം ഏര്പ്പെടുത്തുന്നത് വിതരണ സംവിധാനത്തെ തകിടം മറിക്കുമെന്നും അദ്ദേഹം പറഞ്ഞു. എതിരാളികളായ റെഡ് ബുള്ളിന് നിലവില് ഉല്പ്പന്നങ്ങള് വില്ക്കാന് അനുമതിയുണ്ട്. കമ്പനിയുടെ ക്യാനുകള് ഇതിനകം വാങ്ങി പ്രിന്റ് ചെയ്തിട്ടുള്ളതിനാല് പുതിയ ലേബലിലേക്ക് മാറുന്നത് സങ്കീര്ണമായ നടപടിയായിരിക്കുമെന്നും പെപ്സികോ കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസമാണ് റെഡ് ബുള്ളിന് നിയന്ത്രണത്തിനെതിരെ കോടതിയില് നിന്ന് താല്ക്കാലിക ഇളവ് ലഭിച്ചത്. എന്നാല് പെപ്സികോ, മോണ്സ്റ്റര്, റിലയന്സ് കണ്സ്യൂമര് എന്നിവയ്ക്ക് ഇതുവരെ സമാനമായ ഇളവ് ലഭിച്ചിട്ടില്ല.
ഇന്ത്യയില് അതിവേഗം വളരുന്ന എനര്ജി ഡ്രിങ്ക് വിപണിയില് ഉല്പ്പന്നങ്ങളുടെ ലേബലുകള് നിയന്ത്രിക്കുന്നതില് ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് എത്രത്തോളം അധികാരമുണ്ടെന്നത് ഈ കേസില് പ്രതിഫലിക്കും. ഉയര്ന്ന അളവില് കഫീന് അടങ്ങിയ പാനീയങ്ങളില് എനര്ജി ഡ്രിങ്ക് എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജൂണിലാണ് എഫ്എസ്എസ്എഐ നിര്ദേശിച്ചത്. ഇത്തരം പാനീയങ്ങള് ഉയര്ത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് നടപടിക്ക് പിന്നില്.
2017ല് പെപ്സികോയുടെ സ്റ്റിങ് വിപണിയിലെത്തിയതോടെയാണ് ഇന്ത്യയില് എനര്ജി ഡ്രിങ്കുകളുടെ ജനപ്രീതി വര്ധിച്ചത്. 20 രൂപ വിലയുള്ള സ്റ്റിങ്ങിന്റെ പ്ലാസ്റ്റിക് ബോട്ടിലുകള് 15-19 വയസ്സുകാരിലും ഗ്രാമീണ മേഖലയിലും ഏറെ പ്രചാരം നേടിയതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. വിലക്കിന്റെ നിയമസാധുത സംബന്ധിച്ച അന്തിമ വാദത്തില് കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേസിലെ അടുത്ത വാദം ഒക്ടോബര് 30ന് നടക്കും.




