യുഡിഎഫ് സര്ക്കാരിന്റെ പ്രഖ്യാപിത ഭൂപരിഷ്കരണം വഴി ഭൂരഹിതര്ക്കും വികസനാവശ്യത്തിനും ഭൂമി ലഭിക്കില്ല; ഭൂഅവകാശസമിതി

കൊച്ചി: യുഡിഎഫ് സര്ക്കാരിന്റെ പ്രഖ്യാപിത ഭൂപരിഷ്കരണം വഴി ഭൂരഹിതര്ക്കും വികസനാവശ്യത്തിനും ഭൂമി ലഭിക്കില്ലെന്ന വിമര്ശനവുമായി ഭൂഅവകാശ സമിതി രംഗത്ത്. യുഡിഎഫ് സര്ക്കാരിന്റെ പ്രഖ്യാപിത പരിപാടിയായ ‘ഭൂപരിഷ്ക്കരണം 2.0’-യ്ക്ക് എതിരെയാണ് ഭൂഅവകാശ സമിതി പ്രസ്താവന പുറത്തിറക്കിയത്. പദ്ധതി വഴി ഭൂരഹിതരായ ദളിതര്, ആദിവാസികള്, തോട്ടം തൊഴിലാളികള് ഇതര ഭൂരഹിതര് തുടങ്ങിയവര്ക്ക് ഭൂമി ലഭിക്കില്ല. സര്ക്കാര് അവകാശപ്പെടുന്നതുപോലെ വികസനാവശ്യത്തിന് വേണ്ടി ‘ലാന്റ് പൂളിംഗും’ നടക്കില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
സര്ക്കാര് ഇറക്കിയ ഉത്തരവ് പ്രധാനമായും തോട്ടം ഭൂമി ബഹുവിളകളാക്കി മാറ്റാനും, ഭൂപരിധി പുനര്നിര്ണ്ണയിക്കാനും, പൊതുആവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നത് എളുപ്പമാക്കാനുമുള്ള നിയമസാധ്യത ആരായാനുമാണ് യുഡിഎഫ് സര്ക്കാര് പഠനസംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല് കേരളത്തിലെ ഭൂരഹിതരുടെ നീറുന്ന പ്രശ്നമായ ഭൂപ്രശ്നം പരിഹരിക്കാന് നിയമസാധ്യത തേടാന് പഠനസംഘത്തിന് നിര്ദ്ദേശം നല്കിയിട്ടില്ലെന്ന വിമര്ശനമാണ് സമിതി ഉന്നയിക്കുന്നത്. ഇത് യുഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില് നല്കിയ വാഗ്ദാനത്തില് നിന്നുള്ള പിന്നോട്ടുപോക്കാണെന്നും വിമര്ശനമുണ്ട്.വ്യാജരേഖകളിലൂടെ ചിലര് കൈവശം വച്ചുവരുന്ന വിദേശതോട്ടങ്ങള് ഏറ്റെടുത്ത് ഭൂരഹിതര്ക്ക് നല്കും എന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. മധ്യതിരുവിതാംകൂറില് മാത്രം അഞ്ചര ലക്ഷം ഏക്കര് ഭൂമി വിദേശതോട്ടങ്ങളായി ഉണ്ടെന്നും, അത് സര്ക്കാരിന് ഏറ്റെടുക്കാന് കഴിയുമെന്നും ഡോ രാജമാണിക്യം ഐഎഎസിന്റെ റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുണ്ട്. തോട്ടങ്ങള് ബഹുവിളകളാക്കാന് അനുമതി നല്കുകയും, ഭൂപരിധിയില് ഇളവ് നല്കുകയും ചെയ്താല് നിയമവിരുദ്ധമായി കൈവശം വച്ചുവരുന്ന തോട്ടങ്ങള് തരംമാറ്റാനും, മുറിച്ചുവില്ക്കാനും നിയമസാധുത ലഭിക്കുമെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്നവര്ക്ക് ഇതിലൂടെ നിയമത്തിന്റെ പഴുത് കിട്ടും. ഭൂപരിധി ലംഘിച്ചതിന്റെ പേരില് നടക്കുന്ന വ്യവഹാരങ്ങളെല്ലാം പരാജയപ്പെടുമെന്നും ഭൂഅവകാശ സമിതി വിശദീകരിക്കുന്നു.
ജന്മിത്തം അവസാനിപ്പിക്കുന്നതില് ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി പ്രധാന ഘടകമാണ്. ഭൂപരിധി എടുത്തു കളഞ്ഞാല് പുത്തന് ഭൂപ്രമാണിത്തവും ‘കോര്പ്പറേറ്റ് ലാന്റ് ലോഡിസവും’ നിലവില് വരും. വികസനാവശ്യത്തിന് വേണ്ടിയുള്ള ‘ലാന്റ് പൂളിംഗ്’ നിര്ദ്ദേശവും നടപ്പാകില്ല. നിയമവിരുദ്ധമായി പ്രവര്ത്തിക്കുന്ന വിദേശതോട്ടങ്ങള് ഏകദേശം 10 ലക്ഷം ഏക്കറോളം വരും. ഇവ ഏറ്റെടുത്ത് ഭൂരഹിതരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാനും, വികസനാവശ്യങ്ങള്ക്ക് ഭൂമി മാറ്റിവെക്കാനുമുള്ള സാധ്യതയാണ് യുഡിഎഫ് സര്ക്കാര് അട്ടിമറിക്കുന്നതെന്നാണ് ഗുരുതര വിമര്ശനം. ടൂറിസത്തിന് വേണ്ടി തണ്ണീര്തടനിയമം പരിഷ്കരിക്കാനുള്ള നീക്കം മത്സ്യതൊഴിലാളികളെയും കര്ഷകരെയും ഗുരുതരമായി ബാധിക്കുമെന്നും വിമര്ശനുമുണ്ട്.നിരവധി പ്രക്ഷോഭങ്ങളിലൂടെ ഭൂമിയുടെ രാഷ്ട്രീയം ഇന്ന് ഏവരും അംഗീകരിക്കുന്നതാണ്. അരലക്ഷത്തോളം കോളനികളിലും ചേരികളിലും ദുരിതമനു ഭവിക്കുന്നവര്ക്കും മറ്റ് ഭൂരഹിതര്ക്കും ഭൂമി ലഭിക്കാനുള്ള സാധ്യത അട്ടിമറിക്കപ്പെടരുത്. ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യാനുള്ള പഠനസംഘദൗത്യം അവസാനിപ്പിക്കണം. യുഡിഎഫ് പ്രകടന പത്രികയില് വാഗ്ദാനം ചെയ്തിരുന്ന വിദേശതോട്ടങ്ങള് ഏറ്റെടുക്കുമെന്ന വാഗ്ദാനം നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഭൂപ്രശ്നത്തിന് പരിഹാരം കാണാന് നവംബര് ഏഴ് മുതല് ഭൂഅവകാശമിതി കാസര്ഗോഡ് ജില്ലയില് നിന്നും തിരുവനന്തപുരത്തേക്ക് ‘ഭുഅവകാശയാത്ര’ നടത്തുമെന്നും സമിതി അറിയിച്ചിട്ടുണ്ട്. നവംബര് അവസാനവാരം തിരുവനന്തപുരം കേന്ദ്രമായി ‘ലാന്റ് കോണ്ക്ലേവ്’ സംഘടിപ്പിക്കും. സമഗ്രഭൂപരിഷ്കരണത്തിനുള്ള ഭൂരഹിതരുടെ ബദല് തയ്യാറാക്കും. ‘ലാന്റ് കോണ്ക്ലേവി’ ന്റെ വിശദാംശങ്ങള് തയ്യാറാക്കാന് ‘ഭൂഅവകാശസമിതി’ യുടെ സംസ്ഥാന സമിതിയോഗം ഒക്ടോബര് 17 ന് എറണാകുളം ഗാന്ധിഭവനില് ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
സമഗ്രഭൂപരിഷ്ക്കരണം നടപ്പാക്കി ഭൂരഹിതര്ക്ക് ഭൂമി ലഭിക്കുന്നതിനായി വിവിധ സംഘടനകള് രൂപം നല്കിയ പൊതുവേദിയാണ് ‘ഭൂഅവകാശസമിതി. ഭൂഅവകാശ സമിതി നേതാക്കളായ എം ഗീതാനന്ദന്, എം കെ ദാസന്, കെ അംബുജാക്ഷന്, ഐ ആര് സദാനന്ദന്, എ കെ ഭാസ്കരന്, കെ കെ ജയന്തന് എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്.




