ഗർഭിണിയായ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളിയിട്ടതായി പരാതി; ആരോപണം തള്ളി കോൺഗ്രസ്

ന്യൂഡൽഹി: സുപ്രീംകോടതിക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ മൂന്ന് മാസം ഗർഭിണിയായ മാധ്യമപ്രവർത്തകയെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തള്ളിയിടുകയും കൈയിൽ പിടിച്ച് വലിക്കുകയും ചെയ്തതായി പരാതി. ‘വൺ ഇന്ത്യ’ വാർത്താ വെബ്സൈറ്റിലെ മാധ്യമപ്രവർത്തകയായ റിച്ച പരാശറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ പരിക്കേറ്റ ഇവർ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതികരണത്തിനായി മൈക്ക് നീട്ടിയപ്പോൾ രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തന്നെ തള്ളിയിടുകയായിരുന്നുവെന്നും, തുടർന്ന് തന്റെ വയറിനും കാലിനും പരിക്കേറ്റതായും റിച്ച പരാശർ ആശുപത്രി കിടക്കയിൽ നിന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആരോപണം പൂർണമായും തള്ളിയ കോൺഗ്രസ് നേതാവ് അൽക ലാംബ അടക്കമുള്ളവർ, ഇത് ബിജെപിയുടെ വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങളിൽ അത്തരത്തിലുള്ള സംഭവങ്ങളൊന്നും വ്യക്തമല്ലെന്നും, ഗർഭാവസ്ഥയിൽ ഇത്തരം പ്രതിഷേധങ്ങൾക്ക് പോയതും പിന്നീട് ആശുപത്രിയിൽ എത്തിയ സമയത്തിലെ വൈരുദ്ധ്യങ്ങളും കോൺഗ്രസ് ചൂണ്ടിക്കാണിച്ചു. സംഭവത്തിൽ ബിജെപി നേതാക്കൾ ആശുപത്രിയിലെത്തി മാധ്യമപ്രവർത്തകയെ സന്ദർശിച്ചിട്ടുണ്ട്.




