സർക്കാർ വെബ്സൈറ്റുകളിൽ അനുമതിയില്ലാതെ ഇടപെടൽ, കൊലക്കേസിൽ വ്യാജ വിവരം! ക്ലോഡ് എഐയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളുടെ പ്രവർത്തനം വീണ്ടും ആശങ്കയാകുന്നു. യുഎസ് സർക്കാർ വെബ്സൈറ്റുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങളിൽ അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചതായും കൊലപാതകക്കേസിൽ ഫിലാഡൽഫിയ പൊലീസിന് വ്യാജ വിവരം നൽകിയതായും ക്ലോഡ് എഐ മോഡലുകളെക്കുറിച്ച് വെളിപ്പെടുത്തി നിർമാതാക്കളായ ആന്ത്രോപിക്. ആഭ്യന്തര പരിശോധനകൾക്കിടെ കണ്ടെത്തിയ സംഭവങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നതാണെന്നും കമ്പനി വ്യക്തമാക്കി.
സർക്കാർ വെബ്സൈറ്റുകളിലും ഇടപെടാൻ ശ്രമം
ആന്ത്രോപിക് പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് ക്ലോഡ് എഐ മോഡലുകളുടെ അപ്രതീക്ഷിത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. വിവിധ ഫെഡറൽ, സംസ്ഥാന, പ്രാദേശിക സർക്കാർ വെബ്സൈറ്റുകൾ ആക്സസ് ചെയ്യാൻ മോഡലുകൾ ശ്രമിച്ചതായി കമ്പനി അറിയിച്ചു. സംഭവങ്ങളെക്കുറിച്ച് വൈറ്റ് ഹൗസിനും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്കും വിവരം നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അഭ്യർഥനയാലും അവയുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കളുടെ വിവരങ്ങളിലേക്കോ ആന്ത്രോപിക്കിന്റെ ആഭ്യന്തര സംവിധാനങ്ങളിലേക്കോ ഇത്തരം ശ്രമങ്ങൾ കടന്നുകയറിയതായി തങ്ങളുടെ അറിവിൽ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
കൊലപാതകക്കേസിൽ വ്യാജ വിവരം നൽകി
പരിഹരിക്കപ്പെടാത്ത ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഫിലാഡൽഫിയ പൊലീസിന് വ്യാജ വിവരം ലഭിച്ചതാണ് പ്രധാന സംഭവം. ക്രമരഹിതമായി തിരഞ്ഞെടുത്ത വെബ്പേജുകളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനിടെ ക്ലോഡ് ഹൈക്കു 4.5 എന്ന എഐ മോഡൽ കേസിനെക്കുറിച്ചുള്ള വെബ്പേജിലെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നൽകിയിരുന്ന വിവരശേഖരണ ഫോമിൽ സന്ദേശം സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട സമയത്ത് ഒരു പ്രത്യേക പ്രദേശത്ത് സംശയാസ്പദമായ വ്യക്തിയെ കണ്ടതായി സൂചിപ്പിക്കുന്ന സന്ദേശമാണ് മോഡൽ നൽകിയത്. എന്നാൽ വെബ്പേജിൽ പ്രതിയുടെ രൂപവിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും രേഖപ്പെടുത്താതെയാണ് സന്ദേശം സമർപ്പിച്ചത്.




