കേരളത്തിലെ വന്യമൃഗശല്യം; ജനവാസമേഖലയിലേക്ക് കാട്ടാന ഇറങ്ങിയിട്ടും വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ

വന്യമൃഗ ശല്യം യുഡിഎഫ് സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് കെ.എൻ. ബാലഗോപാൽ എംഎൽഎ. ജനവാസ മേഖലയിലേക്ക് ആനയിറങ്ങിയിട്ടും വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിൽ ആനയും കാട്ടുപോത്തും ജനവാസ മേഖലയിലെത്തി മനുഷ്യ ജീവനെടുക്കുന്നത് ആദ്യമായാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. അടിക്കാട് വെട്ടുന്നതിൽ പോലും വനംവകുപ്പിന് വീഴ്ച സംഭവിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ.ആർ.ടി ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാത്തത് എന്തെന്നും കെ എൻ ബാലഗോപാൽ എംഎൽഎ ചോദിച്ചുകഴിഞ്ഞ ദിവസമാണ് കൊല്ലം പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക കൊല്ലപ്പെട്ടത്. കടശ്ശേരി സ്വദേശിയായ രാജമ്മയുടെ മരണത്തിന് ഉത്തരവാദി വനം വകുപ്പാണെന്ന് ആരോപിച്ച് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. സ്ഥലം എംഎൽഎ ചാമക്കാല ജ്യോതികുമാറിനെ പോകാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടുകയും ചെയ്തിരുന്നു.
പ്രതിരോധ സംവിധാനങ്ങളിലെ പാളിച്ച പലതവണ ചൂണ്ടിക്കാട്ടിയിട്ടും വനപാലകർ അവഗണിച്ചുവെന്നാണ് പരാതി. ആനയെ തുരത്തുമെന്ന ദക്ഷിണ മേഖല സിസിഎഫിൻ്റെ ഉറപ്പിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.




