‘തായ് മാമന് തങ്ക മോതിരം’ കിട്ടാൻ കാലതാമസം; നഴ്സിനെയും കുടുംബക്കാരെയും മര്‍ദ്ദിച്ച് യുവാവ്

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാമിന്റെ സ്വര്‍ണ്ണ മോതിരം സമ്മാനിക്കുന്ന വിജയ് സര്‍ക്കാരിന്റെ ‘തായ് മാമന് തങ്ക മോതിരം’ എന്ന പദ്ധതിയില്‍ കാലതാമസമുണ്ടായെന്നാരോപിച്ച് നഴ്സിനെ മര്‍ദ്ദിച്ച് യുവാവ്. തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.മദന്‍ എന്നയാളാണ് 35കാരിയായ നഴ്സ് അലമേലു, സഹോദരന് സുമന്, അമ്മായി സുജാത എന്നിവരെ ഒരു പാര ഉപയോഗിച്ച് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. മൂവരെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 16 ന് തഞ്ചാവൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് മദന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്.
തായ്മാമന്‍ തങ്ക മോതിരം പദ്ധതി പ്രകാരം ഒരു ഗ്രാം സ്വര്‍ണ്ണ മോതിരം ലഭിക്കാന്‍ മദന്റെ കുടുംബത്തിന് അര്‍ഹതയുണ്ടെങ്കിലും, കുറച്ച് ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് അലമേലു അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായത്. വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ കുഞ്ഞിന് ധരിക്കാന്‍ മോതിരം വേണമെന്നും ഉടന്‍ തന്നെ തരണമെന്നും മദന്‍ അലമേലുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഊഴമെത്തുമ്പോള്‍ മാത്രമേ മോതിരം നല്‍കൂ എന്ന് നഴ്സ് മദനോട് പറഞ്ഞെന്നും വിവരമുണ്ട്. ഇതിന് പിന്നാലെ മദ്യലഹരിയിലായ മദൻ അലമേലു താമസിക്കുന്നിടത്തെത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിക്കവെയാണ് സഹോദരനും ബന്ധുവിനും പരിക്കേറ്റത്.
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. ജൂണ്‍ 22 മുതല്‍ ജനിക്കുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതി ബാധകമാകുന്നത്. കാലതാമസം വരുന്നതില്‍ മദന്‍ അസ്വസ്ഥനായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.




