Uncategorized

ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ മരിച്ചു; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്ന് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണത്തിലാണ് കുടുംബം ഗാന്ധിനഗർ പൊലീസിലും മെഡിക്കൽ കോളജ് സൂപ്രണ്ടിനും പരാതി നൽകിയത്.

കഴിഞ്ഞ മാസം 17നാണ് ഹസീനയെ കോട്ടയം മെഡിക്കൽ കോളജിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിൽ ഇൻഫെക്ഷൻ ഉണ്ടാകുകയും ഇത് ചികിത്സിക്കുന്നതിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മുറിവിൽ ഇൻഫെക്ഷൻ രൂക്ഷമായതിനെത്തുടർന്ന് ഈ മാസം 26ന് ഇവരെ വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹസീന ഇന്നലെ രാവിലെയാണ് മരിച്ചത്. മുറിവിലൂടെ പഴുപ്പും രക്തവും വരുന്നുണ്ടെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടും വേണ്ട രീതിയിലുള്ള പരിശോധനയോ ചികിത്സയോ ലഭിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

അതേസമയം, ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ പൂർണമായും തള്ളി. രോഗിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇൻഫെക്ഷൻ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച പരിചരണവും ചികിത്സയുമാണ് നൽകിയതെന്നുമാണ് കോട്ടയം മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം.

അതേസമയം കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സപ്പിഴവ് സംബന്ധിച്ച് ആരോഗ്യവകുപ്പിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. നിലവിൽ പൊലീസിലാണ് പരാതി നൽകിയിട്ടുള്ളത്. പരാതി ലഭിക്കുന്ന മുറയ്ക്ക് സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാധ്യമങ്ങളിൽ വാർത്ത വന്ന ഉടൻ തന്നെ മെഡിക്കൽ കോളജ് സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button