മാധ്യമത്തിൻ്റേത് ജനാധിപത്യ വിരുദ്ധ സമീപനം’; ലേഖനം പിൻവലിച്ചതിൽ പ്രതിഷേധിച്ച് പതിവ് കോളം അവസാനിപ്പിച്ച് കെഇഎൻ

കോഴിക്കോട്: മാധ്യമം വാരാന്ത്യപതിപ്പിൽ എഴുതി വന്നിരുന്ന സ്ഥിരം കോളം അവസാനിപ്പിക്കുന്നുവെന്ന് കെഇഎൻ കുഞ്ഞഹമ്മദ്. മാധ്യമം വാരാന്ത്യപതിപ്പിലെ ‘ഇടപെടൽ’ കോളം 2026 ഒക്ടോബർ 2 മുതൽ നിർത്തുകയാണെന്നാണ് കെഇഎൻ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് കോളം അവസാനിപ്പിക്കുന്ന വിവരം കെഇഎൻ അറിയിച്ചിരിക്കുന്നത്. കുപ്പിച്ചില്ലും മഴവില്ലും എന്ന ഇടപെടൽ കോളത്തിലെ ലേഖനം പ്രസിദ്ധീകരിക്കാതെ പിൻവലിച്ചതിൽ പ്രതിഷേധിച്ചാണ് കെഇഎൻ കോളം നിർത്താൻ തീരുമാനിച്ചിരിക്കുന്നത്.
‘ശബ്നംനൂർജഹാന്റെ ശബ്ദവുംകൂടി ചേർന്നതാണ്, ചേർന്നതാവണം യോജിപ്പിനും വിയോജിപ്പിനുമപ്പുറം സംവാദം. ‘കുപ്പിച്ചില്ലും മഴവില്ലും’ എന്ന കോളം ഏത് അർത്ഥത്തിലും സംവാദഔന്നിത്യം പുലർത്തിയിട്ടുണ്ട്. എന്നാൽ ആ പ്രബന്ധം പതിവുപോലെ ഒക്ടോബർ 4ന് പ്രസിദ്ധീകരിക്കുമെന്ന് പരസ്യം ചെയ്ത ശേഷം പെട്ടെന്ന് പിൻവലിക്കുകയാണ് ചെയ്തത്. അതൊരു ജനായത്ത നടപടിയായില്ല. മാധ്യമം പത്രത്തിന് നേതൃത്വം വഹിക്കുന്നവർ ഇക്കാര്യത്തിൽ പുലർത്തിയ ജനാധിപത്യവിരുദ്ധ സമീപനത്തോട് എനിക്കുള്ള ജനായത്ത പ്രതികരണം എന്ന നിലയിലാണ് ‘ഇടപെടൽ കോളം’ ഇനിമുതൽ തുടരേണ്ട എന്ന് തീരുമാനിച്ചത്’ എന്നാണ് ഫേസ്ബുക്കിൽ കെഇഎൻ വ്യക്തമാക്കിയിരിക്കുന്നത്.
മാധ്യമം വാരാന്ത്യ പതിപ്പിൽ എഴുതിയ ഓരോ കോളവും പലതരത്തിലുള്ള അധികാരങ്ങളോടുള്ള പ്രതിഷേധമായിരുന്നെങ്കിൽ, കോളം ഇന്നോടെ നിർത്തുന്നതും അതുപോലുള്ള ഒരു പ്രതിഷേധമാണ് എന്നും കെഇഎൻ വ്യക്തമാക്കിയിട്ടുണ്ട്. ‘അച്ചടിക്കപ്പെടാതെ പോയ “കുപ്പിച്ചില്ലും മഴവില്ലും” എന്ന കോളം അവസാനിക്കുന്നത് ഇങ്ങനെ: “അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു വിശ്വാസത്തിനും അത് എത്ര ഉന്നതവും ഉദാത്തവുമായാലും അഗ്നിപരീക്ഷണങ്ങളെ അതിജീവിക്കാനോ, ആ വിധം സ്വന്തം അകത്തു പോലും ഊർജ്ജം ഉല്പാദിപ്പിക്കാനോ കഴിയില്ല. പ്രവാചകന്മാർ പ്രബോധനത്തിന്റെ പാതയിലൂടെ പൂക്കൾ വിതറി സഞ്ചരിച്ചു. പിറകെ വന്ന പുരോഹിതന്മാരാവട്ടെ അന്വേഷണ വീഥികളിൽ മുള്ളുകൾ വിതറിയാണ് കടന്നുപോകുന്നത്…’ എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെഇഎൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
‘ഇതുവരെയും അനുകൂല-എതിർബന്ധങ്ങൾ പ്രകടിപ്പിച്ചവരോടൊക്കെയും സംവാദസ്നേഹം പങ്കുവെക്കുന്നു. ഓരോ ഇടപെടൽ കോളവും ഏറ്റവും ചുരുങ്ങിയത് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരു സമരംതന്നെ ആയിരുന്നു. ഇതുവരെയും അത് തുടരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. മാധ്യമം വാരാന്ത്യപതിപ്പിന്റെ ചുമതല വഹിക്കുന്നവരോടും, പത്രാധിപർ പ്രിയ സുഹൃത്ത് പ്രമോദ് ഗംഗാധരനോടും, പല പ്രകാരം പ്രതികരിച്ചവരോടും സ്നേഹമെന്നും’ കെഇഎൻ കുറിച്ചിട്ടുണ്ട്.




