Uncategorized

നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള: ലക്ഷങ്ങളുടെ തേക്കും വീട്ടിയുമടക്കം 23 മരങ്ങൾ കടത്തി

മലപ്പുറം: മലപ്പുറം നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള. കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കും വീട്ടിയും ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിക്കടത്തി. ഏഴരയേക്കർ വരുന്ന നിക്ഷിപ്‌ത വനഭൂമിയിൽ നിന്ന് 23 മരങ്ങളാണ് മുറിച്ചുകടത്തിയത്.

കവളപ്പാറ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തോട് ചേർന്ന മുത്തപ്പൻകുന്നിലെ വനഭൂമിയിൽ രണ്ടാഴ്ച‌ മുൻപാണ് സംഭവം. വനത്തിൽ നിന്ന് മരങ്ങൾ മുറിച്ച് ട്രാക്ടറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു. മുത്തപ്പൻകുന്ന് മേഖലയിലേക്ക് വാഹനങ്ങൾ എത്തിപ്പെടാൻ ഏറെ പ്രയാസമാണ്. എന്നിട്ടും ഈ ദുർഘടമായ പ്രദേശത്തുനിന്ന് മണിക്കൂറുകളെടുത്ത് മരങ്ങൾ മുറിച്ച് ട്രാക്ടറിൽ കടത്തിക്കൊണ്ടുപോയി ദിവസങ്ങൾക്ക് ശേഷമാണ് വനംവകുപ്പ് അധികൃതർ വിവരമറിയുന്നത് എന്ന ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്.പ്രദേശത്ത് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറിച്ചുകടത്തിയ വിവരം പുറത്തറിയുന്നത്. എന്നാൽ ആരാണ് മരം കടത്തിയതെന്നോ ഇവ എങ്ങോട്ടേക്കാണ് കൊണ്ടുപോയതെന്നോ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടതിനാൽ തന്നെ പ്രതികളെയും കടത്തിക്കൊണ്ടുപോയ മരങ്ങളും കണ്ടെത്തുക എന്നത് വനംവകുപ്പിന് ഏറെ വെല്ലുവിളിയാകും.സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയോ മറ്റ് ഗുരുതരമായ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button