മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകൻ

കൊച്ചി: വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് വക്കീല്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു




