നിയന്ത്രണം വിട്ട ആംബുലൻസ് ബൈക്കിലിടിച്ച് മറിഞ്ഞു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

തൃശൂർ: വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ ചേലക്കര ചിറങ്ങോണത്ത് നിയന്ത്രണം വിട്ട ആംബുലൻസ് ബൈക്കിന്റെ പിന്നിലിടിച്ച് മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ തൊഴൂപ്പാടം സ്വദേശി അർഷാദിന് പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തിരുവില്വാമല നിർമാല്യ ആഘോഷത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന എലിഫന്റ് സ്ക്വാഡിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ആംബുലൻസ് പെട്ടെന്ന് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസും ബൈക്കും റോഡിലേക്ക് മറിയുകയും, ബൈക്ക് യാത്രികൻ റോഡിൽ നിന്ന് അൽപം ദൂരേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന ജീവനക്കാർക്കും എലിഫന്റ് സ്ക്വാഡിലെ അംഗങ്ങൾക്കും നിസാര പരിക്കുകളേറ്റിട്ടുണ്ട്.
അപകട ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.




