Uncategorized

ബ്രിക്‌സ് ഉച്ചകോടി: മോദി-പുടിന്‍ കൂടിക്കാഴ്ച നാളെ, ചർച്ചയിൽ വൻ അജണ്ടകൾ

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ വാണിജ്യ – സാമ്പത്തിക സഹകരണം പ്രധാന അജണ്ടയാകുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. അതേസമയം യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ സമാധാനപരമായ ഒരു പരിഹാരത്തിനായുള്ള മോസ്‌കോയുടെ താത്പര്യത്തെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ സെപ്തംബര്‍ 12ന് ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. അദ്ദേഹം നാളെ ഡൽഹിയിലെത്തും.

ഇന്ന് ഇന്ത്യയിലെത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെഷകിയാനുമായും മോദി ചർച്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. മറ്റന്നാൾ തുടങ്ങുന്ന ഉച്ചകോടിക്ക് മുന്നോടിയായി അതീവ സുരക്ഷയിലാണ് ഡൽഹി.

പുതിയ ആണവോര്‍ജ നിലയങ്ങള്‍ റഷ്യൻ പിന്തുണയോടെ സ്ഥാപിക്കുക, സുഖോയ് – 52 ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകളുടെ കൈമാറ്റം എന്നിവയും ചര്‍ച്ചയിലെ അജണ്ടകളാണെന്ന് പെസകോവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബ്രിക്‌സ് ഉച്ചകോടി വലിയൊരു വിജയമായിരിക്കുമെന്നതില്‍ സംശയമില്ലെന്നും ബ്രിക്‌സ് വികസനത്തിനായി എല്ലാതരത്തിലുള്ള പിന്തുണയ്ക്കും റഷ്യ തയ്യാറാണെന്നും കൂടുതല്‍ രാജ്യങ്ങള്‍ ബ്രിക്‌സിന്റെ പല വിഭാഗങ്ങളിലായി പങ്കാളികളാകുന്നതിനുള്ള ക്ഷണത്തെ റഷ്യയും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ പ്രാധാന്യത്തെ കുറിച്ചും പെസകോവ് സംസാരിച്ചിരുന്നു. ചില രാജ്യങ്ങള്‍ അവരുടെ കറന്‍സി രാഷ്ട്രീയമായ അടിച്ചമര്‍ത്തലിനായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍, സാധ്യമായ എല്ലാത്തരം രീതിയിലൂടെയും ഇടപാടുകള്‍ നടത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുഎസിനെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. നിലവില്‍ റഷ്യ സ്വന്തം കറന്‍സിയിലാണ് 90ശതമാനം ഇടപാടുകള്‍ നടത്തുന്നതെന്നും ബ്രിക്‌സ് രാജ്യങ്ങളുമായുള്ള ഇടപാടുകളിലും ഇതേ രീതിയാണ് പിന്തുടരുന്നതെന്നും പെസ്‌കോവ് ചൂണ്ടിക്കാട്ടി. അതേസമയം ഈ നീക്കത്തിലൂടെ ഡീ ഡോളറൈസേഷന്‍ (അന്താരാഷ്ട്ര വ്യാപാരത്തിലും ഇടപാടുകളിലും ഡോളറിനുള്ള ആധിപതവും ഉപയോഗവും ക്രമേണ കുറയ്ക്കുന്ന പ്രക്രിയ) അല്ല ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ 12, 13 തീയതികളിലാണ് 18ാമത് ബ്രിക്‌സ് സമ്മിറ്റിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ നാലു രാജ്യങ്ങളുടെ ബ്രിക്(BRIC) കൂട്ടായ്മയിലേക്ക് 2011ല്‍ സൗത്ത് ആഫ്രിക്ക കൂടി ചേര്‍ന്നതോടെയാണ് ബ്രിക്‌സ് (BRICS)ആയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button