സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും; പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങളും മുന്നണി തർക്കങ്ങളും ചർച്ചയായേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം വോട്ടർമാർക്കും അണികൾക്കും മേൽ ചുമത്തുന്ന രീതിയിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വിശദീകരണ യോഗങ്ങളിലെ പ്രസംഗങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയ്ക്ക് വഴിവെച്ചേക്കും. പാർട്ടിയുടെ തെറ്റുതിരുത്തൽ നയങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം പരാമർശങ്ങളെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുമധ്യത്തിലുണ്ട്.ഇതോടൊപ്പം, പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഐയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാനുള്ള വഴികളും യോഗം ആലോചിക്കും. കോഴിക്കോട് നടക്കാനിരിക്കുന്ന വിപുലമായ സംസ്ഥാന സമിതി യോഗത്തിൽ സമർപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ടിന് രൂപം നൽകലാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന അജണ്ട. അതേസമയം, ഡൽഹിയിൽ ആരംഭിച്ച സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്നും തുടരും.
കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുന്നണി ബന്ധത്തെ ബാധിക്കരുതെന്ന അഭിപ്രായം നേതാക്കൾക്കിടയിൽ ശക്തമാണ്. വരും നാളുകളിലെ കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങളും വരാനിരിക്കുന്ന യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ദേശീയ കൗൺസിൽ വിലയിരുത്തും.




