പാർലമെൻ്റ് മാർച്ചിലെ സംഘർഷം: അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ; ചിലർക്ക് എല്ലാത്തിനോടും അമിത സംശയം എന്ന് കേന്ദ്രം

ദില്ലി: ദില്ലിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ. സമിതിയിലെ ചിലർ നിഷ്പക്ഷരല്ല എന്ന ഹർജിക്കാരുടെ നിലപാടിനോടാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. അടുത്ത മാസം അഞ്ചിന് സിജെപി ദില്ലിയിൽ പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിന് അനുമതി നൽകണോ എന്നതിൽ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ തീരുമാനം വൈകാതെയുണ്ടാകും.
ദില്ലിയിലെ പാർലമെന്റ് മാർച്ചിനിടെ നടന്ന പൊലീസ് ബലപ്രയോഗം, വനിതകൾക്കെതിരെ ലൈംഗിക അതിക്രമം നടന്നു എന്ന പരാതി, പൊലീസിനെതിരായ അക്രമം എന്നിവയൊക്കെ പരിശോധിക്കാനാണ് സുപ്രീം കോടതി അഞ്ചംഗ സമിതിക്ക് രൂപം നൽകിയത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂപീകരിച്ചത്. എന്നാൽ, ഈ സമിതിയിലുള്ള ചിലരെ വിശ്വാസമില്ലെന്ന് ഇന്ന് ഹർജിക്കാരിൽ ചിലർ കോടതിയിൽ പരാമർശിച്ചു. ഇക്കാര്യം അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. എല്ലാത്തിനോടും ചിലർക്ക് അവിശ്വാസമാണെന്നും ഹർജിക്കാരുടെ ആവശ്യം പരിഗണിക്കരുതെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. സമിതിയിലെ ജഡ്ജിമാരടക്കം നിഷ്പക്ഷരല്ലെന്ന് പ്രശാന്ത് ഭൂഷൺ നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം, സിജെപി അടുത്ത മാസം അഞ്ചിന് നടത്താൻ നിശ്ചയിച്ച മാർച്ചിന് പൊലീസ് അനുമതി നൽകാൻ സാധ്യത കുറവാണ്. ബ്രിക്സ് ഉച്ചകോടി അടക്കം ദില്ലിയിൽ നടക്കാൻ ഇരിക്കെ ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നത് തടയും എന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ. ഇന്ത്യ ഗേറ്റിനു പകരം രാംലീല മൈതാനിയിൽ നടത്താൻ നിർദേശം നൽകിയേക്കും. സിജെപിയുമായി വീണ്ടും ചർച്ച നടത്തണമോ എന്ന് കേന്ദ്ര സർക്കാർ ആലോചിക്കും. കഴിഞ്ഞ പാർലമെന്റ് മാർച്ച് സമയത്ത് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിൽ വീഴ്ച പറ്റി എന്ന വിലയിരുത്തൽ ദില്ലി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ അറിയിച്ചു. രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നത് ശക്തമാക്കാനുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് കമ്മീഷണർ നൽകി. ഇതിനായി 10 കാര്യങ്ങൾ അടങ്ങിയ ഒരു പട്ടികയും ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തിട്ടുണ്ട്. സമരത്തിന് എത്തുന്നവർ ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, ഇവർ എവിടെയാണ് താമസിക്കുന്നത്, ഇവർക്കുള്ള പണം ആര് നൽകുന്നു, ഇവരുടെ പശ്ചാത്തലം എന്താണ് തുടങ്ങി എല്ലാ വിവരങ്ങളും അന്വേഷിക്കണം എന്നാണ് കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്.




