ഹാഷിഷുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി; പിടികൂടിയത് വിചാരണയ്ക്ക് എത്തിച്ചപ്പോൾ

കൊച്ചി ഇലന്തൂർ ഇരട്ട നരബലി
കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മുണ്ടിൻ്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ പിടികൂടി. നരബലി കേസിലെ വിചാരണ നടക്കുന്ന കെട്ടിടത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് സംശയം തോന്നി പൊലീസ് പരിശോധിച്ചതും രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി ലഹരി പിടികൂടിയതും. പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഇടമലയാർ കോടതി)യിലാണ് നരബലി കേസിന്റെ വിചാരണ നടക്കുന്നത്. ഇന്നലെ വിചാരണയ്ക്കു ശേഷം ജയിലിലേക്ക് കൊണ്ടുപോകാൻ താഴേക്ക് ഇറങ്ങുമ്പോൾ ഷാഫി മുണ്ടിൻറെ മടിക്കത്ത്മടക്കിപ്പിടിച്ചിരിക്കുന്നത്ശ്രദ്ധയിൽപ്പെട്ട പൊലീസ് പരിശോധിക്കുകയായിരുന്നു. തുടർന്ന് 6 ഗ്രാം ഹാഷിഷ് കണ്ടെടുത്തു.
സംഭവം ഉടനടി വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് രാത്രി 7.35ഓടെ ദേഹപരിശോധന പൂർത്തിയാക്കി രാത്രി 10 മണിയോടെ ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. ഷാഫിയെ പിന്നീട് ജയിലിലേക്ക് മാറ്റി. ശുചിമുറിയിൽ പോയ സമയത്ത് രണ്ടു പേർ ഷാഫിക്ക് ഹാഷിഷ് കൈമാറി എന്നാണ് പൊലീസ് കരുതുന്നത്.
പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ ഷാഫിയാണ് ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി. കൂട്ടുപ്രതികളായ ലൈലയേയും ഭർത്താവ് ഭഗവൽ സിങ്ങിനേയും ഇന്നലെ വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചിരുന്നു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശി റോസ്ലിയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. കടവന്ത്രയിൽ താമസിച്ചിരുന്ന ലോട്ടറി വിൽപ്പനക്കാരിയായിരുന്ന പദ്മത്തെ ഷാഫിയാണ് വാഹനത്തിൽ കയറ്റി ഇലന്തൂരിലേക്ക് കൊണ്ടുപോയത്.



