Uncategorized

പാപനാശം മാലിന്യക്കുപ്പയാകുന്നു; ദുർഗന്ധത്തിൽ പൊറുതിമുട്ടി സഞ്ചാരികളും നാട്ടുകാരും

കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ വർക്കല പാപനാശത്ത് മാലിന്യ നിക്ഷേപം അതീവ ഗുരുതരമാകുന്നു. ടൂറിസം മേഖലയുടെ പ്രതിച്ഛായയെത്തന്നെ ബാധിക്കുന്ന രീതിയിൽ പടരുന്ന ദുർഗന്ധം മൂലം നാട്ടുകാരും വിനോദസഞ്ചാരികളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

പ്രദേശത്തെ റെസ്റ്റോറന്റുകളിൽ നിന്നും റിസോർട്ടുകളിൽ നിന്നുമാണ് പ്രധാനമായും മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി കെട്ടിയ നിലയിലാണ് മാലിന്യം പൊതുവിടങ്ങളിൽ ഉപേക്ഷിക്കുന്നത്. പാപനാശം കാക്കോട് വയലുകൾക്ക് സമീപത്തെ തണ്ണീർ ചാലുകളിലാണ് മാലിന്യം വ്യാപകമായി നിക്ഷേപിക്കുന്നത്. ഇത് ആ പ്രദേശത്തെ പ്രകൃതിദത്ത ജലസ്രോതസ്സുകളെ നശിപ്പിക്കുന്നു.

ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന ആഹാരവശിഷ്ടങ്ങൾ അഴുകി പുഴു അരിക്കുകയും പ്രദേശം മുഴുവൻ സഹിക്കാനാവാത്ത ദുർഗന്ധം പരത്തുകയും ചെയ്യുന്നു. വഴിയാത്രക്കാർ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മാലിന്യം അഴുകിയ ഈ തണ്ണീർതടങ്ങളിൽ നിന്നുള്ള മലിനജലം നേരിട്ട് ഒഴുകിയെത്തുന്നത് പാപനാശം ബീച്ചിലേക്കാണ്. ഈ മലിനീകരണത്തെക്കുറിച്ച് അറിവില്ലാതെ നിരവധി കുട്ടികളും മുതിർന്നവരും ഈ ഭാഗത്ത് കുളിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വർക്കലയിൽ ഇത്തരം മാലിന്യ നിക്ഷേപം തുടരുന്നത് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button