Uncategorized

പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തെ നിർമ്മാണത്തിന് ആദ്യം അനുമതി, പിന്നെ റദ്ദാക്കി; സംശയങ്ങൾ ഉയരുന്നു, ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ആക്ഷേപം

മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പലയിടങ്ങളിലും മണ്ണ് എടുക്കാൻ അനുമതി നൽകുന്നുവെന്ന് ആക്ഷേപം. അനുമതി നൽകുമ്പോൾ ശാസ്ത്രീയ പഠനങ്ങൾ കൃത്യമായി നടത്തുന്നില്ല. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തെ നിർമ്മാണത്തിന് ആദ്യം അനുമതി നൽകിയതിലും പിന്നെ റദ്ദാക്കിയതിലും സംശയങ്ങൾ ഉയരുകയാണ്. പാണക്കാട്ടെ കുന്നിൻ ചെരുവിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും മഴ ശക്തമാവുകയും ചെയ്തതിൽ പിന്നെയാണ് മണ്ണിടിഞ്ഞു തുടങ്ങിയത്. മഴ കനത്തതോടെ മണ്ണ് പൂർണമായും കുത്തിയൊലിച്ചു.എന്നാൽ കുത്തനെയുള്ള ചെരിവുകളിൽ കെട്ടിട നിർമ്മാണത്തിന് ആയാൽ പോലും മണ്ണ് എടുക്കരുത് എന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇത് കാറ്റിൽ പറത്തിയാണ് പലയിടങ്ങളിലും നിർമ്മാണങ്ങൾ നടക്കുന്നത്. അശാസ്ത്രീയമായ മണ്ണെടുപ്പ് കുന്നിടിച്ചിലിനും ദുരന്തങ്ങൾക്കും കാരണമാകുന്നു എന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. 2015 കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ പ്രകാരം 3000 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾക്ക് മണ്ണെടുക്കാൻ അനുമതി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ, അപകടസാധ്യതയുള്ള കുന്നിൻപ്രദേശങ്ങളിൽ സ്ലോപ്പ് സ്റ്റെബിലിറ്റി റിപ്പോർട്ട് പോലുള്ള ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ കൃത്യമായി നിഷ്കർഷിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് മണ്ണ് നീകരുതെന്ന് ഉത്തരവ് ഇറക്കിയത്.

ഇതേ തുടർന്ന് പുതിയ അനുമതികൾ നൽകാതിരിക്കാനും നിലവിലുള്ള അനുമതികൾ നിർത്തിവയ്ക്കാനും ജിയോളജി വകുപ്പിന്‍റെ ഉത്തരവുമുണ്ട്. കോടതി നിർദ്ദേശം പാലിക്കാൻ എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും നിർദ്ദേശവും നൽകിയതാണ്. പാണക്കാട്ടെ മണ്ണിടിഞ്ഞ സ്ഥലത്ത് 2025 സെപ്റ്റംബർ 26 ലാണ് ബിൽഡിംഗ് പെർമിറ്റ് നൽകിയത്. ഇവിടെ പാറ പൊട്ടിക്കാൻ ജിയോളജി വകുപ്പും, മണ്ണെടുക്കാൻ നഗരസഭയും അനുമതി നൽകിയിരുന്നു. 3000 സ്ക്വയർ ഫീറ്റിൽ താഴെ ഉള്ള സ്ഥലങ്ങളിൽ മണ്ണെടുക്കുന്ന കാര്യത്തിൽ ഉത്തരവാദിത്വം ഇല്ലെന്നാണ് ജിയോളജി ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button