ഭർത്താവ് വിദേശത്ത്, കൊല്ലത്ത് അമ്പലത്തിലേക്ക് കാറുമായി പോയ അമ്മയേയും രണ്ട് മക്കളും ഒരാഴ്ചയായി കാണാനില്ല, കാർ തെന്മല കടന്നതായി സിസിടിവി; അന്വേഷണം

കൊല്ലം: ക്ഷേത്രദർശനത്തിനായി പോയ അമ്മയെയും രണ്ടു മക്കളെയും കാണാതായി.പൊലീസിൽ പരാതിയുമായി കാണാതായ യുവതിയുടെ ഭർതൃവീട്ടുകാർ. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മുതൽ മൂന്നുപേരെയും കാണാനില്ലെന്നാണ് ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ക്ഷേത്ര ദർശനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് ഇവർ കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും മടങ്ങി വരാതായതോടെ ഫോണിൽ വിളിച്ചു. എന്നാൽ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട്ടിലേക്കു പോകുന്നതായി സിസിടിവി ദൃശ്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർ തമിഴ്നാട്ടിൽ ഉള്ളതായാണ് വിവരം. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയുടെ ഭർത്താവ് വിദേശത്താണ്. വിവരം അറിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്.




