പാർട്ടി വിപ്പ് ലംഘിച്ചു: പാലാ നഗരസഭയിലെ നാല് കൗൺസിലർമാരെപ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്

കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്. കെപിസിസി പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസിഡൻ്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലും നാല് കോൺഗ്രസ് കൗൺസിലർമാരും പിന്തുണച്ചതോടെയാണ് പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്.
ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാർട്ടി വിപ്പ് ലംഘിച്ച് പിന്തുണച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു. പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് വേണ്ടെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്തായി. എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്ന ആരോപണവും നാട്ടകം സുരേഷ് ഉന്നയിച്ചിരുന്നു. ഇതിന്റെ ഭവിഷ്യത്തുകൾ അവർ മനസ്സിലാക്കും. പാർട്ടിക്കെതിരായ നടപടികൾ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും നടപടി എന്തെന്നത് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കുമെന്നുമായിരുന്നു നാട്ടകം സുനിലിൻ്റെ പ്രതികരണം.
അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഇന്നലെ ഡിസിസി പ്രസിഡന്റ് വിപ്പ് നൽകിയിരുന്നു. അവിശ്വാസത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന കോൺഗ്രസ് പാർട്ടി വിപ്പ് ഒപ്പിട്ടുവാങ്ങിയത് രണ്ട് കൗൺസിലർമാർ മാത്രമായിരുന്നു. നാലുപേർ വിപ്പ് കൈപ്പറ്റിയിരുന്നില്ല. നാലുപേരെയും നേരിട്ട് കാണാനാകാതെ വന്നതോടെ വിപ്പ് മണ്ഡലം പ്രസിഡന്റ് വീട്ടിൽ പതിപ്പിച്ചു മടങ്ങുകയായിരുന്നു.
26 അംഗ നഗരസഭയിൽ എൽഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാൾ കോൺഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയായിരുന്നു നഗരസഭയിൽ യുഡിഎഫ് ഭരണം പിടിച്ചത്. ആദ്യ ടേമിൽ ചേയർപേഴ്സൺ സ്ഥാനം ദിയയ്ക്ക് നൽകുകയായിരുന്നു.
അവിശ്വാസ പ്രമേയത്തെ അംഗീകരിക്കുന്നതായി ദിയ ബിനു പുളിക്കകണ്ടം പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ടെന്നും അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണെന്നുമായിരുന്നു ദിയയുടെ പ്രതികരണം. ‘ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു. അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങൾ വിനയപൂർവ്വം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാർ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. അതിൽ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്. പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല, മൂല്യങ്ങളാണ്’ എന്നായിരുന്നു ദിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.



