Uncategorized

സമയം തെറ്റിച്ച് ഓടിയ പ്രിയദര്‍ശിനി ബസിനടിയിൽ കിടന്ന ‘കുട്ടിമാളു’ ബസുടമക്കെതിരെ നടപടി, പ്രതിഷേധം പരിഭ്രാന്തി സൃഷ്ടിച്ചെന്ന് ജീവനക്കാരുടെ പരാതി

കോട്ടയം: കെഎസ്ആർടിസി പ്രിയദർശിനി ബസ് സമയം തെറ്റിച്ച് സർവീസ് നടത്തിയതിനെത്തുട‍ർന്ന് ബസിന് അടിയിൽ കിടന്ന് പ്രതിഷേധിച്ച ഉടമക്കെതിരെ നടപടി. കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ അധിക്ഷേപിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന പരാതിയിലാണ് പൊലീസ് തുടർനടപടികൾ ആരംഭിച്ചത്. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കോട്ടയം ഡിപ്പോയിൽനിന്ന് കട്ടപ്പനയിലേക്ക് സർവീസ് നടത്തി തിരികെ കോട്ടയത്തേക്ക് വരികയായിരുന്ന ലെ RNC 923 ഓർഡിനറി ബസ് മേരികുളം ഭാഗത്തുവച്ച് തടഞ്ഞ് കെ.എസ്.ആർ.ടി.സി ജീവനക്കാരെ അധിക്ഷേപിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും സർവീസ് തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് ഉപ്പുതറ പൊലീസ് തുടർനടപടികൾ ആരംഭിച്ചത്.

ഉപ്പുതറയിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യ ബസ് ഓടേണ്ട കൃത്യം സമയത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് നടത്തിയതാണ് ഈ വലിയ വാക്കുതർക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നയിച്ചത്. തങ്ങളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തിയതോടെ ഗതികെട്ട സാഹചര്യത്തിലാണ് സർവ നിയന്ത്രണവും നഷ്ടപ്പെട്ട് സ്വകാര്യ ബസുടമ ഈ രീതിയിലുള്ള കടുത്ത സമരമുറയിലേക്ക് നീങ്ങിയത്. കെ.എസ്.ആർ.ടി.സി ബസിന്റെ സർവീസ് കാരണം സ്വകാര്യ ബസിന്റെ കളക്ഷൻ കുറയുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ് ഉടമ കൂടിയായ ഡ്രൈവർ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതെന്നാണ് ജീവനക്കാർ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ബസ് തടഞ്ഞശേഷം കെ.എസ്.ആർ.ടി.സി ഡ്രൈവറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ബസിന്റെ മുൻ ടയറിനോട് ചേർന്ന് റോഡിൽ കിടന്ന് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് സർവീസിന്റെ സുഗമമായ നടത്തിപ്പിനും യാത്രക്കാരുടെ സുരക്ഷയ്ക്കും തടസ്സം നേരിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ പി.ജെ. ബൈജു, കണ്ടക്ടർ കെ.പി. ഉല്ലാസ് കുമാർ എന്നിവർ ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം, ബന്ധപ്പെട്ട സ്വകാര്യ ബസ് ജീവനക്കാർ കോട്ടയം ഡിപ്പോയിലെത്തി യൂണിറ്റ് ഓഫീസറോട് നേരിട്ട് പരാതി അറിയിച്ചിട്ടുള്ളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെയും തുടർനടപടികളുടെയും ഭാഗമായി കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറോടും കണ്ടക്ടറോടും ബന്ധപ്പെട്ട സ്വകാര്യ ബസ് ജീവനക്കാരോടും ഇന്ന് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button