വോട്ട്‌ചോരിക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു; ജാഗ്രത പുലര്‍ത്തണം; ശേഷാദ്രിനാഥിന്റെ നിയമന ശുപാര്‍ശയിൽ ദുൽഖിഫിൽ

കോഴിക്കോട്: എന്‍ ശേഷാദ്രിനാഥിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള ശുപാര്‍ശക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍. രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ ഇത്തരം പദവികളില്‍ നിയമിക്കരുതെന്നും സംഘപരിവാര്‍ അനുകൂല ജുഡീഷ്യല്‍ സംവിധാനം ഉണ്ടാക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വരെ നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്ത വ്യക്തിയെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദവിയില്‍ നിയമിക്കാന്‍ തീരുമാനിച്ചതെന്നും ദുല്‍ഖിഫില്‍ വിമര്‍ശിച്ചു. വ്യക്തമായ തെളിവുകള്‍ സഹിതം പരാതികള്‍ ഉയര്‍ന്നിട്ടും അന്വേഷണം നടത്താന്‍ അധികാരികള്‍ തയ്യാറാകുന്നില്ല എന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും ദുല്‍ഖിഫില്‍ കുറ്റപ്പെടുത്തി. കെപിസിസി ജനറല്‍ സെക്രട്ടറിക്ക് പിഎം നിയാസിന് പിന്നാലെയാണ് വി പി ദുല്‍ഖിഫിലും രംഗത്തെത്തുന്നത്.
ജനങ്ങള്‍ക്ക് യുഡിഎഫിന് മേലുള്ള വിശ്വാസത്തില്‍ എന്തെങ്കിലും തരത്തിലുള്ള മങ്ങലേറ്റാല്‍ മുന്നണിയിലും കോണ്‍ഗ്രസിലുമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അതീവഗുരുതരമായിരിക്കും. സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭരണത്തിന് കൃത്യമായൊരു മതനിരപേക്ഷ ബദലാണ് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇത്തരം നിയമനങ്ങളില്‍ കോണ്‍ഗ്രസും യുഡിഎഫും ഇനിയെങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജനാധിപത്യത്തെ സംരക്ഷിക്കാനും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനും ജാഗ്രതയോടെയുള്ള ശക്തമായ ഇടപെടലുകള്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ടെന്നും ദുല്‍ഖിഫില്‍ ചൂണ്ടിക്കാട്ടി.ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശയില്‍ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെട്ട് നിയമന പരാതി പരിശോധിക്കും. സംഘപരിവാര്‍ പശ്ചാത്തലമാണ് പരിശോധിക്കുന്നത്. കൂടിയാലോചന നടത്താതെയുള്ള നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നതോടെയാണ് നീക്കം.
നിയമന നീക്കത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്നാവശ്യപ്പെട്ട് പി എം നിയാസ് കത്ത് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി എംപിയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുമാണ് പരാതി നല്‍കിയത്. പി എം നിയാസ് ഇന്ന് ആഭ്യന്തര മന്ത്രിയെ കണ്ടും പരാതിയറിയിച്ചിരുന്നു. മുഖ്യമന്ത്രിയേയും കണ്ട് നിയമനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടും.




