Uncategorized

രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി: അജിത് കുമാറിന് കുരുക്ക് മുറുകുന്നു, തെളിവുകള്‍ ശേഖരിച്ച് SIT

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന കേസ് അട്ടിമറിച്ചുവെന്ന കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് കുരുക്ക് മുറുകുന്നു. മര്‍ദ്ദനക്കേസ് അന്വേഷിച്ച സംഘം തിരുവനന്തപുരത്ത് എത്തിയെന്നാണ് എസ്‌ഐടി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലെത്തിയതിന് തെളിവുണ്ട്. പൊലീസ് ക്ലബ്ബിലെ രജിസ്റ്ററില്‍ ഉദ്യോഗസ്ഥരുടെ പേരുണ്ട്.

2024 ഓഗസ്റ്റിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ക്ലബ്ബിലെത്തിയത്. ഈ സമയം എം ആര്‍ അജിത്കുമാറും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. എഡിജിപിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും എസ്‌ഐടി പരിശോധിച്ച് വരികയാണ്. അജിത്കുമാറിന്റെ ഇടപെടല്‍ സ്ഥിരീകരിക്കാനാണ് നീക്കം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദനക്കേസ് അട്ടിമറിച്ചുവെന്ന കേസില്‍ അന്വേഷണം എഡിജിപിയുടെ ഓഫീസിലേക്കും വ്യാപിപ്പിച്ചിരുന്നു. അജിത് കുമാറിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴി എടുക്കാനാണ് തീരുമാനം. മര്‍ദ്ദനത്തിന് ഉപയോഗിച്ച ലാത്തികള്‍ കണ്ടെത്തി ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനമുണ്ട്. പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ എസ്‌ഐടി പരിശോധിച്ച് വരികയാണ്. മര്‍ദ്ദനത്തിന് നിര്‍ദേശമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രതികളെ രക്ഷിക്കാന്‍ കേസ് ഡയറി തന്നെ അട്ടിമറിച്ചു. തെറ്റായ നറേറ്റീവ് സൃഷ്ടിക്കാന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലാണ് അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്നത്.

പൊലീസ് ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങള്‍ ലഭ്യമായി എന്ന റഫര്‍ റിപ്പോര്‍ട്ടിലെ പ്രസ്താവന കള്ളമാണ്. പൊലീസ് ഫോട്ടോഗ്രാഫര്‍ മര്‍ദനം പകര്‍ത്തിയിട്ടില്ല എന്ന് മൊഴി നല്‍കിയിട്ടുണ്ട്. റഫര്‍ റിപ്പോര്‍ട്ടില്‍ പൊലീസ് ഫോട്ടോഗ്രാഫര്‍ ദൃശ്യം പകര്‍ത്തി എന്ന കാര്യം വ്യാജമായി രേഖപ്പെടുത്തിയെന്നും എസ്ഐടി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആലപ്പുഴ സെഷന്‍സ് കോടതിയിലായിരുന്നു എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം കേസില്‍ ഗ്രേഡ് എസ്ഐമാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ഉണ്ടായേക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button