Uncategorized
കണ്ണൂരിൽ പനി ബാധിച്ച് യുവാവും യുവതിയും മരിച്ചു; ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തം

കണ്ണൂർ: പാനൂർ മേഖലയിൽ പനി ബാധിച്ച് യുവാവും യുവതിയും മരിച്ചു. പാനൂർ സ്വദേശികളായ ശ്യാമപ്രസാദ്, റിയ ലിനീഷ് (21) എന്നിവരാണ് മരിച്ചത്.
പനി കലശലായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഇരുവരുടെയും മരണം സ്ഥിരീകരിച്ചത് ആശുപത്രി അധികൃതരാണ്. ശ്യാമപ്രസാദിനെ തലശ്ശേരി ജനറൽ ആശുപത്രിയിലും ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, തുടർന്ന് കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. റിയ ലിനീഷിനെ ആദ്യം മാഹി ജനറൽ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
പനി ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, മരണകാരണം പനി തന്നെയാണോ അതോ മറ്റ് രോഗങ്ങൾ വല്ലതുമുണ്ടോ എന്ന് വ്യക്തമാക്കുന്നതിനായി വിശദമായ ലാബ് പരിശോധനകൾ നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.




