സൈബര്‍ ആക്രമണം, വ്യാജ പ്രചരണം; പരാതി നല്കി എസ്എഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിലും വ്യാജ പ്രചരണത്തിലും പരാതി നല്കി എസ്എഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്. ഡിജിപിക്കും സൈബര്‍ പൊലീസിനുമാണ് പരാതി നല്‍കിയത്.
തന്റെ പേരും ചിത്രവും വീഡിയോയും ദുരുപയോഗം ചെയ്യുന്നുവെന്നാണ് ശിവപ്രസാദിന്റെ പരാതി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവും മാനഹാനി ഉണ്ടാക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
‘വ്യക്തിപരമായ സല്‍പ്പേരിലും സാമൂഹ്യപ്രതിച്ഛായയ്ക്കും ഗുരുതരമായ ദോഷം സംഭവിച്ചു. ഓപ്പറേഷന് തൂഫാന്റെ പേരില്‍ വ്യാജ പോസ്റ്റര്‍ നിര്‍മ്മിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചു. പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായി എന്ന് വ്യാജ പ്രചരണം നടത്തി’, എം ശിവപ്രസാദിന്റെ പരാതിയില്‍ പറയുന്നു.
ആലപ്പുഴ ജില്ലാ സൈബര്‍ ക്രൈം പൊലീസില്‍ രണ്ടു പരാതികള്‍ നല്‍കിയിട്ടുണ്ട്. സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതികളില്‍ ഇതുവരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.




