കൊച്ചിയിൽ പൊലീസിൻ്റെ പ്രത്യേക പരിശോധനയിൽ പിടിയിലായത് രണ്ട് യുവാക്കൾ; രണ്ടിടത്ത് നിന്നായി വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്. ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിൽ നിന്നായി 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 13.6 കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ചേരാനല്ലൂർ സിഗ്നൽ ജങ്ഷൻ പരിസരത്ത് നിന്ന് 247 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴ എഴുപുന്ന സ്വദേശി ജീസ്മോൻ വർഗീസിനെ (24) പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് പാർസൽ മാർഗം ലഹരിമരുന്ന് കേരളത്തിലെത്തിച്ച് ചെറുകിട വിതരണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലും ഇയാൾ പ്രതിയായിരുന്നു.
മറ്റൊരു പരിശോധനയിൽ ഏലൂർ മഞ്ഞുമ്മൽ ഭാഗത്ത് നിന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ ഹൃദയിനെ (18) 13.618 കിലോഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും ഇതിന് പിന്നിലുള്ള ഉറവിടങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
recommended by




