ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ പ്രശോഭിനായി വീണ്ടും വ്യാപക തെരച്ചില്‍

dot image
പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് വത്സനായി വീണ്ടും വ്യാപക തെരച്ചില്‍. വിവിധ സംഘങ്ങളാണ് പ്രശോഭിനായി തെരച്ചില്‍ നടത്തുന്നത്.
പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രശോഭിനായുള്ള അന്വേഷണം. പ്രശോഭിന്റെ സുഹൃത്തുക്കളെയും സഹായികളേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. മണ്ണാര്‍ക്കാട് എസ് സി-എസ് ടി കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് പ്രശോഭ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പരാതി വന്ന് മാസങ്ങളായിട്ടും പൊലീസിന് പ്രശോഭിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി, പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിക്ക് അതിജീവിത നല്‍കിയ പരാതി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതിയെ പിടികൂടാന്‍ പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെ പാലക്കാട്ടെ ഒരു അഭിഭാഷകന്‍ മുഖേന മണ്ണാര്‍ക്കാട് എസ് സി/എസ് ടി പ്രത്യേക കോടതിയില്‍ പ്രശോഭ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. നിരപരാധിയാണെന്നും, ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തോട് സഹകരിക്കാമെന്നുമാണ് പ്രശോഭ് മുന്‍കൂര്‍ ജാമ്യ അപേക്ഷയിലൂടെ കോടതിയെ അറിയിച്ചത്. ഇത് തള്ളിയതിന് പിന്നാലെയാണ് പ്രശോഭ് ഹൈക്കോടതിയിലെത്തിയത്.




