Uncategorized

വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് ഉദ്യോഗസ്ഥയിൽ നിന്ന് 60 ലക്ഷം തട്ടി, 4 തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

വെൺമണി: വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി റിട്ടയേർഡ് ഉദ്യോഗസ്ഥയിൽനിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ സെന്തിൽ, മണികണ്ഠൻ, തമിഴരശൻ, സെൽവൻ എന്നിവരെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്. വെൺമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റിട്ടയേർഡ് ജീവനക്കാരിയെ 2024 ഏപ്രിലിൽ മുംബൈയിലെ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.സൈബർ തട്ടിപ്പുകേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ ജെ യുടെ മേൽനോട്ടത്തിൽ വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ രാജേഷ് പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പ്രതികൾ പണം തട്ടാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.

വെൺമണി പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ രാജേഷ് പി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു ഡി, സിവിൽ പൊലീസ് ഓഫീസർമാരായ വിശാഖ് തമ്പി, വിജേഷ് വി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button