പാരിയത്ത്കാവിൽ ബുൾഡോസർ രാജ് അനുവദിക്കില്ല; സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്

കൊച്ചി: പാരിയത്ത്ക്കാവിലെ ബലം പ്രയോഗിച്ചുള്ള ഭൂമി ഒഴിപ്പിക്കൽ നീക്കത്തിനെതിരെ സിപിഐഎം. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കാലങ്ങളായി താമസിക്കുന്ന പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നത് ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. വാർത്താക്കുറിപ്പിലൂടെയാണ് സിപിഐഎം ജില്ലാ സെക്രട്ടറി പൊലീസ് നടപടിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രദേശവാസികൾക്ക് സിപിഐഎം സംരക്ഷണം നൽകുമെന്നും എസ് സതീഷ് വ്യക്തമാക്കി. പാവപ്പെട്ട ജനങ്ങളെ അതിഭീകരമായി മർദ്ദിച്ച പോലീസ് നരനായാട്ടിനെ ശക്തമായി അപലപിക്കുന്നതായും എസ് സതീഷ് വ്യക്തമാക്കി. പത്തൊൻമ്പത് ഏക്കർ വരുന്ന റവന്യൂ ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തി, കുടികിടപ്പ് അവകാശം നൽകണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു. നൂറ്റിയമ്പത് വർഷത്തോളമായി ഇവിടെ താമസിച്ചുവരുന്ന എട്ട് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ ഭൂമാഫിയയുടെ ശക്തമായ സ്വാധീനം ഉണ്ടെന്നും സിപിഐഎം കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ പൊലീസിനെ ഉപയോഗിച്ച് പാവപ്പെട്ടവരെ വലിച്ചിറക്കിയെന്നും സിപിഐഎം ആരോപിച്ചു. സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറി വ്യക്തിഹത്യ ചെയ്യുകയും കുട്ടികൾ പ്രായമായവർ തുടങ്ങി വ്യത്യാസമില്ലാതെ അതിക്രൂരമായ മർദ്ദന മുറകളുമാണ് കുടിയൊഴിപ്പിക്കലിന് ഇരയായവരോട് പോലീസ് ചെയ്യുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. സ്വന്തം ഭൂമിയിൽ ജീവിക്കാൻ വേണ്ടി മനുഷ്യർ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി പൊലീസ് എടുത്ത കളളകേസ് പിൻവലിക്കാൻ തയ്യാറാകണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു.
നിയുക്ത എംഎൽഎ സജീന്ദ്രൻ പാരിയത്ത്കാവ് നിവാസികളെ സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് എസ് സതീഷ് കുറ്റപ്പെടുത്തി. മുതലാളിമാർക്ക് വേണ്ടി പാവങ്ങളെ അക്രമിച്ച് മുന്നോട്ട് പോകുവാനാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവൺമെന്റ് ശ്രമിക്കുന്നത്. ഇത്തരം ദുഷ്പ്രവർത്തി ചെയ്ത സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലെന്നും ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. നിരവധി നിയമ പ്രശ്നങ്ങൾ നിൽക്കുന്ന റവന്യു ഭൂമി പ്രശ്നത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ജനകീയമായാണ് ഇടപെട്ടിരുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പതിനാല് തവണ അഡ്വക്കേറ്റ് കമ്മീഷനും, പൊലീസും കുടിയൊഴിപ്പിക്കൽ നടപടിക്രമങ്ങൾ നടത്താനായി വന്നിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുന്ന സമീപനമാണ് സ്വീകരിച്ചതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചു .എന്നാൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ വന്ന് നാൽപത്തിയേട്ട് മണിക്കൂറിൽ പോലീസിനെ ഉപയോഗിച്ച് പാവങ്ങളെ വലിച്ചിറക്കുകയാണ് ചെയ്യുന്നതെന്നും എസ് സതീഷ് കുറ്റപ്പെടുത്തി.




