Uncategorized

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു, കേരളത്തിലെ കാര്യത്തിൽ മാത്രം ഇത്ര ചർച്ച എന്തിന്?: രമേശ് ചെന്നിത്തല

തിരുവനന്തപുരം: താൻ ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്നും മഹാരാഷ്ട്ര പുനഃസംഘടനാ വിഷയം ചർച്ച ചെയ്യനാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ചരിത്രപരമായ വിജയത്തിൽ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അഭിനന്ദനം അറിയിച്ചുവെന്നും എല്ലാ പ്രവർത്തകരോടും അഭിനന്ദനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ കാര്യങ്ങളിൽ നിരീക്ഷകർ റിപ്പോർട്ട് നൽകും. അതിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരീക്ഷകർ അവരുടെ യുക്തി അനുസരിച്ച് കാര്യങ്ങൾ ചെയ്യും. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. കേരളത്തിലെ കാര്യത്തിൽ മാത്രം എന്തിനാണ് ഇത്ര ചർച്ചയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോൺഗ്രസിന് പാർട്ടിയുടെ രീതികൾ ഉണ്ട്. അത് അനുസരിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എഐസിസി നിരീക്ഷകർ ആയ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവർ തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എംഎൽഎമാരുമായി ചർച്ച നടത്തിയതിന് ശേഷം ഹൈക്കമാൻഡിന് കൈമാറും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാന്‍ അവസരമൊരുക്കണം എന്ന് വി ഡി സതീശന്‍ ഹെെക്കമാൻഡിനോട് ആവശ്യപ്പെട്ടു. നിരീക്ഷകര്‍ അല്ലാത്തവര്‍ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ വിശ്വാസമില്ലെന്നാണ് വി ഡി പക്ഷം പറയുന്നത്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ദീപ ദാസ് മുന്‍ഷി ഉണ്ടാകാന്‍ പാടില്ലെന്നാണ് ആവശ്യം. ഇക്കാര്യം വി ഡി സതീശൻ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button