കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രചാരണം ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ

തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ, പ്രചാരണം ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ 10 എൽഡിഎഫ് സ്ഥാനാർത്ഥികൾ. റോഡ് ഷോയും പോസ്റ്റർ ഒട്ടിക്കലുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി, പ്രചാരണത്തിന്റെ ആദ്യ ദിനം തന്നെ കളം പിടിച്ചപ്പോൾ, സ്ഥാനാർത്ഥിത്വത്തിലെ ഭിന്നതയും രൂക്ഷമായ തർക്കവും കാരണം വലയുകയാണ് കോൺഗ്രസും ജില്ലയിലെ യുഡിഎഫ് ക്യാമ്പും.
എൽഡിഎഫ് സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തോടെ, തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ഊർജ്ജസ്വലമാകുന്ന കാഴ്ചയാണ് ആദ്യദിനം കണ്ടത്. പ്രഖ്യാപനത്തിനുശേഷം ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണത്തിന് തുടക്കം കുറിച്ചു. പേരാമ്പ്ര നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന് പേരാമ്പ്ര ടൗണിൽ പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം നൽകി. തെരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടിപി രാമകൃഷ്ണൻ പറഞ്ഞു.
ബേപ്പൂർ നിയോജക മണ്ഡലത്തിലെ 2021ലെ ഭൂരിപക്ഷം ഇത്തവണ മറികടക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ബാലുശ്ശേരിയിൽ സ്ഥാനാർത്ഥിയായ സച്ചിൻ ദേവ് നടത്തിയ റോഡ് ഷോയിൽ നിരവധി പേരാണ് അണിനിരന്നത്. തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയായ ലിന്റോ ജോസഫും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കൊടുവള്ളിയിൽ സ്വതന്ത്രനെ നിർത്താനാണ് എൽഡിഎഫിൻ്റെ തീരുമാനം. കുന്നമംഗലത്ത് പിടിഎ റഹീമും കുറ്റ്യാടിയിൽ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററും, കൊയിലാണ്ടിയിൽ കെ ദാസനും, കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രനും, സൗത്ത് അഹമ്മദ് ദേവർകോവിലും പ്രചാരണത്തിൽ മുമ്പിലാണ്.




