ആന്റോ ആന്റണി എംപിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണം: കെ പി ഉദയഭാനു

പത്തനംതിട്ട: ആന്റോ ആന്റണി എംപിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് സിപിഐഎം മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ഭൂമി ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ പണം തിരികെ നല്‍കാമെന്ന് ആന്റോ ആന്റണി എംപി എന്‍ എം രാജുവിന്റെ മകളോട് പറഞ്ഞിരുന്നെന്നും ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം വേണമെന്നും കെ പി ഉദയഭാനു പറഞ്ഞു. എന്‍ എം രാജുവില്‍ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ആന്റോ നല്കിയ കണക്കിന്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താന്‍ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടന്‍ നല്‍കുമെന്നും കെ പി ഉദയഭാനു പറഞ്ഞു.
‘എന്‍ എം രാജുവില്‍ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടോ? നിയമപരമായ സംഭാവനയാണെങ്കില്‍ ഇരുപതിനായിരം രൂപയേ വാങ്ങാന്‍ കഴിയുകയുളളു. രണ്ടുകോടി രൂപ ആന്റോയ്ക്ക് നല്‍കിയെന്നാണ് എന്‍ എം രാജു പറഞ്ഞത്. പണം എന്‍ എം രാജുവിന് തിരിച്ചുനല്‍കിയതിന് എന്തെങ്കിലും തെളിവുകളോ രേഖകളോ ഉണ്ടോ? എത്ര തുകയാണ് ആന്റോ ആന്റണി എംപി വാങ്ങിയതെന്ന് വ്യക്തമാക്കുന്നില്ല. ഏത് അക്കൗണ്ടിലേക്കാണ് പണം തിരികെ നല്‍കിയത് എന്നതിലും വ്യക്തതയില്ല. പണം തിരികെ നല്‍കിയില്ലെങ്കില്‍ വ്യക്തമായ തെളിവ് വേണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം’: കെ പി ഉദയഭാനു പറഞ്ഞു.
ശബരിമല തന്ത്രി കണ്ഠരര് രാജീവരരും ആന്റോ ആന്റണി എംപിയും തമ്മിലുള്ള സാമ്പത്തിക ബന്ധം അന്വേഷിക്കണമെന്ന് ഉദയഭാനു നേരത്തെ ആവശ്യപ്പെട്ടിരുന്നു. തന്ത്രി തിരുവല്ല നെടുംപറമ്പില്‍ ഫിനാന്‍സില്‍ രണ്ടരക്കോടി നിക്ഷേപിച്ചതായി എസ്ഐടി കണ്ടെത്തി. ആന്റോ ആന്റണി എം പി രണ്ടരക്കോടി രൂപ നെടുംപറമ്പില്‍ ഫിനാന്‍സില്‍ നിന്നും പിന്‍വലിച്ചതായി നാട്ടില്‍ സംസാരമുണ്ടെന്നും ഉദയഭാനു പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഒരു നേതാവിനെ കൊണ്ടാണ് ആന്റോ ആന്റണി എംപി പണം പിന്‍വലിപ്പിച്ചത്. തന്ത്രി ഏതെല്ലാം സ്വകാര്യ ഫിനാന്‍സുകളില്‍ പണം നിക്ഷേപിച്ചു എന്ന് എസ്ഐടി കണ്ടെത്തണം. തന്ത്രി പണം നിക്ഷേപിച്ച തീയതിയും ആന്റോ ആന്റണി എംപി പണം പിന്‍വലിച്ച തീയതിയും എസ്ഐടി കണ്ടെത്തണമെന്നും ഉദയഭാനു ആവശ്യപ്പെട്ടിരുന്നു.




