Uncategorized

കുമ്പളയിലെ ടോൾ ബൂത്ത് നിർത്തലാക്കാൻ കേന്ദ്രസർക്കാർ; തീരുമാനം ജനരോഷം കനത്തതിന് പിന്നാലെ

കാസര്‍കോട്: കുമ്പളയിലെ ആരിക്കാടിയിലെ ടോള്‍ ബൂത്ത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്താനുള്ള കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് നാളെ (ബുധനാഴ്ച്ച) പുറത്തിറങ്ങും. ബിജെപി സംസ്ഥാന നേതൃത്വത്തെ കേന്ദ്രമന്ത്രി ഇക്കാര്യ അറിയിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി വ്യക്തമാക്കി. ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.കുമ്പള ആരിക്കാടി ടോള്‍പ്ലാസയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. എന്‍എച്ച്എഐ ആദ്യം വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായിരുന്നില്ലെങ്കിലും ജനരോഷം ശക്തമായതിന് പിന്നാലെ ജനങ്ങളുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ഇവിടെ പണമായി ടോള്‍ വാങ്ങുന്നത് നിര്‍ത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഫാസ്ടാഗ് ഉപയോഗിച്ച് ടോള്‍ പിരിക്കുന്നതും നിര്‍ത്തി. കുമ്പള ആരിക്കാടിയിലെ ഈ ടോള്‍ കോംപ്ലക്‌സ് വരും ദിവസങ്ങളില്‍ തന്നെ പൂര്‍ണമായും പൊളിച്ച് നീക്കുമെന്നാണ് പുറത്തുവരുന്ന സൂചന.60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇത് നിലനില്‍ക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള ആരിക്കാടിയിലും ടോള്‍ ബൂത്ത് സ്ഥാപിച്ചത്. ടോള്‍പ്ലാസ നിലവില്‍ വന്ന് പണം പിരിക്കല്‍ ആരംഭിച്ചതിന് പിന്നാലെ കനത്ത പ്രതിഷേധങ്ങളുണ്ടായിരുന്നു. പിന്നാലെ ജനുവരി മാസത്തില്‍ ടോള്‍ പിരിവിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും തുടങ്ങിയിരുന്നു. അതേസമയം ജനകീയ സമരത്തിന്റെ വിജയമാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴടങ്ങലെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അഷ്‌റഫിന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button