Uncategorized

വീട് പണിയാൻ എടുത്ത കുഴിയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയ നിധി, ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ, കര്‍ണാടകയിൽ കിട്ടിയത് 70 ലക്ഷത്തിന്റെ സ്വർണ്ണം

ബെംഗളൂരു: കർണാടകയിലെ ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ വീടിന്റെ അടിത്തറ പാകുന്നതിനായി മണ്ണുമാറ്റുന്നതിനിടെ അവിചാരിതമായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണ ശേഖരം കണ്ടെത്തി. ഏകദേശം 60 മുതൽ 70 ലക്ഷം രൂപ വരെ വിപണി മൂല്യം കണക്കാക്കുന്ന 22 സ്വർണ്ണ ഇനങ്ങളാണ് ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നിലവിലുള്ള വീട് വികസിപ്പിക്കുന്നതിനായി അടിത്തറ കുഴിക്കുന്നതിനിടെയാണ് ഈ അമൂല്യ ശേഖരം ശ്രദ്ധയിൽപ്പെട്ടത്. ഈ കണ്ടെത്തലിന് പിന്നിൽ പ്രജ്വൽ എന്ന എട്ടാം ക്ലാസ്സുകാരന്റെ സത്യസന്ധമായ ഇടപെടലുണ്ട്. മണ്ണുമാറ്റുന്നതിനിടെ പാത്രം ആദ്യം കണ്ടത് പ്രജ്വലായിരുന്നു. വിവരം മറച്ചുവെക്കാതെ കുട്ടി ഉടൻ തന്നെ വീട്ടുകാരെയും ഗ്രാമത്തിലെ മുതിർന്നവരെയും അറിയിച്ചു. തുടർന്ന് ഗ്രാമവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഗദഗ് എസ്.പി രോഹൻ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആഭരണങ്ങൾ പരിശോധിച്ചു. ഏകദേശം 470 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തതെന്നും ഇവ സർക്കാർ കസ്റ്റഡിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. അതേസമയം, കണ്ടെത്തിയ സ്വർണ്ണം സാങ്കേതികമായി നിധി വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നത് സംശയമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി. വീടിന്റെ അടുക്കള ഭാഗത്ത്, കൃത്യമായി പറഞ്ഞാൽ പഴയ കാലത്തെ അടുപ്പിന് സമീപത്തായാണ് ഈ പാത്രം കണ്ടെത്തിയത്. പണ്ട് കാലത്ത് ബാങ്ക് സൗകര്യങ്ങളോ ലോക്കറുകളോ ഇല്ലാത്തതിനാൽ, പൂർവ്വികർ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി വെക്കാൻ അടുക്കള ഭാഗത്തെ തറയ്ക്കടിയിൽ കുഴിച്ചിടാറുള്ള പതിവുണ്ട്. അത്തരത്തിൽ ആ കുടുംബം ശേഖരിച്ചുവെച്ച ആഭരണങ്ങളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.

കണ്ടെത്തിയ ആഭരണങ്ങളിൽ പലതും പൊട്ടിയ നിലയിലായതും ഇതിനെ ‘നിധി’ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാൻ കാരണമായി. പുരാതനമായ സ്വർണ്ണ നാണയങ്ങളോ ചരിത്രരേഖകളോ ഇതിനൊപ്പം ഇല്ലാത്തതിനാൽ ഇവയുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. കല്യാണ ചാലൂക്യരുടെ കാലത്തെ ശില്പകലയ്ക്ക് പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ ഇത്തരം കണ്ടെത്തലുകൾ മുമ്പും ഉണ്ടായിട്ടുള്ളതിനാൽ ആഭരണങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് പുരാവസ്തു വകുപ്പ് വിശദമായ പഠനം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button