സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം, ഇക്സെറ്റ് 2026 അന്താരാഷ്ട്ര കോൺക്ലേവ് ജനുവരി 13ന്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ‘ഇക്സെറ്റ് 2026’ (ICSET) ഒൻപതാം പതിപ്പ് ജനുവരി 13-ന് അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ മൂന്ന് വേദികളിലായി നടക്കും. ‘സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം’ എന്നതാണ് ഈ കോൺക്ലേവിന്‍റെ പ്രധാന പ്രമേയം.
രാവിലെ 9:30-ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ. ശ്രീറാം സാംബശിവ റാവു ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ഐ.ടി. മേഖലയിലെ ഭാവി സാധ്യതകളെയും നൈപുണ്യ വികസനത്തെയും കുറിച്ച് അദ്ദേഹം സംസാരിക്കും. ഇൻഫോപാർക്ക് സി.ഈ.ഒ. ശ്രീ. സുശാന്ത് കുറുന്തിൽ, ടി.സി.എസ് വൈസ് പ്രസിഡന്റ് ശ്രീ. ദിനേശ് പി. തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി. തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഗൂഗിൾ, എ.ഡബ്ല്യു.എസ്, ഐ.ബി.എം എന്നീ ആഗോള കമ്പനികളുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ജനറേറ്റീവ് എഐ ഏജന്‍റിക് എഐ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വർക്ക്ഷോപ്പുകളും കോണ്‍ക്ലേവില്‍ നടക്കും.




