Uncategorized

മുസ്തഫിസുര്‍ വിവാദം, നാടകീയ നീക്കവുമായി ബംഗ്ലാദേശ്, ഐപിഎല്‍ സംപ്രേഷണം വിലക്കി

ധാക്ക: ബംഗ്ലാദേശി പേസര്‍ മുസത്ഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യത്ത് ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്. ബംഗ്ലാദേശിലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയാണ് രാജ്യത്ത് ഐപിഎല്‍ മത്സരങ്ങള് സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷന്‍ ചാനലുകളോട് നിര്‍ദേശിച്ചത്. മുസ്തഫിസുര്‍ റഹ്മാന്‍ ഐപിഎല്ലില്‍ നിന്ന് വിലക്കിയ നടപടിക്ക് യാതൊരു ന്യായീകരണവുമില്ലെന്നും ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണ് ബിസിസിഐ കൈക്കൊണ്ടതെന്നും ഈ സാഹചര്യത്തില്‍ പൊതുജന താല്‍പര്യം കണക്കിലെടുത്ത് ഐപിഎല്‍ മത്സരങ്ങള്‍ രാജ്യത്ത് സംപ്രേഷണം ചെയ്യരുതെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഐപിഎല്‍ മത്സരങ്ങളോ മത്സവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളോ സംപ്രേഷണം ചെയ്യരുതെന്നും ബന്ധപ്പെട്ട അധികാരികളുടെ അറിവോടെയാണ് ഉത്തരവിറക്കുന്നതെന്നും ബംഗ്ലാദേശ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ അടുത്തമാസം നടക്കുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ മത്സരങ്ങൾ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷാപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഇത്.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെിരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും ടീം ഉടമ ഷാരൂഖ് ഖാനുമെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് മുസ്തഫിസുറിനെ റിലീസ് ചെയ്യാന്‍ ബിസിസിഐ കൊല്‍ക്കത്തയോട് ആവശ്യപ്പെട്ടത്. ഐപിഎല്‍ മിനി താരലേലത്തില്‍ 9.2 കോടി നല്‍കിയാണ് മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. മുസ്തഫിസുറിന് പകരക്കാരനെ ആവശ്യമുണ്ടെങ്കില്‍ അതിന് അനുവാദം നല്‍കുമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button