പെൻഷൻ വിതരണത്തിന് താൽക്കാലികാശ്വാസം; കെഎസ്ആർടിസിക്ക് 93.72 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് 73ി.72 കോടി രൂപയും മറ്റ് ആവശ്യങ്ങൾക്ക് 20 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ വർഷം ഇതിനകം 1,201.56 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി നൽകിയത്. പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റിൽ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെ.എസ്.ആർ.ടി.സിക്ക് ലഭ്യമായി.
രണ്ടാം പിണറായി സർക്കാരിൻന്റെ കാലത്ത് 8,027.72 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി ഇതുവരെ ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിൻ്റെ 5,002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചേർന്ന് ആകെ 13,029.72 കോടി രൂപയാണ് കോർപ്പറേഷന് സഹായമായി നൽകിയത്.




