Uncategorized

ചർച്ചയായി മറ്റത്തൂർ മോഡൽ: കോൺഗ്രസിനെതിരേ ആയുധമാക്കി സിപിഎം; പ്രതിരോധത്തിൽ പ്രതിപക്ഷം

തിരുവനന്തപുരം: കോൺഗ്രസിനെ കടന്നാക്രമിക്കാൻ തൃശ്ശൂരിലെ മറ്റത്തൂർ മോഡൽ കൂറുമാറ്റം രാഷ്ട്രീയായുധമാക്കി സിപിഎം. എട്ട്‌ കോൺഗ്രസ് വാർഡംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയുമായിച്ചേർന്ന്‌ പഞ്ചായത്ത് ഭരണം പിടിച്ചത് അന്തർധാരയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിനുമുൻപ്‌ സിപിഎം-ബിജെപി ബാന്ധവം ആരോപിച്ച കോൺഗ്രസിന് മറ്റത്തൂർ ഞെട്ടലായി. എട്ടുപേരെ പിന്തിരിപ്പിച്ചും നടപടിയെടുത്തും പ്രശ്നം പരിഹരിക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

കോൺഗ്രസ് തീരുമാനം ലംഘിച്ചെങ്കിലും ആരും ബിജെപിയിൽ ചേർന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ബിജെപിയെ പിന്തുണച്ചവർക്കെതിരേ നടപടിയുണ്ടാവുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷനും വിശദീകരിച്ചു.

മറ്റത്തൂർ മോഡലിന് ഓപ്പറേഷൻ ‘കമലെ’ന്നും ‘കോൺഗ്രസ് ജനതാ പാർട്ടി’യെന്നുമൊക്കെയുള്ള വിശേഷണങ്ങൾ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു. 2016-ൽ അരുണാചൽപ്രദേശിൽ 44 കോൺഗ്രസ് എംഎൽഎമാരിൽ 43 പേരും എൻഡിഎയിലേക്ക്‌ ചേക്കേറിയതും 2021-ൽ കോൺഗ്രസിനെ ചാക്കിലാക്കി പുതുച്ചേരിയിൽ ബിജെപി ഭരണംപിടിച്ചതുമൊക്കെ ഉയർത്തിക്കാട്ടി, അവയുടെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നാണ് സിപിഎം പ്രചാരണം.

തദ്ദേശവോട്ടെടുപ്പിലെ കോൺഗ്രസ്-ബിജെപി കൊടുക്കൽവാങ്ങലിന്റെ ബാക്കിയാണ് മറ്റത്തൂരിൽ സംഭവിച്ചതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പരീക്ഷണമാണിതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നേമത്ത് ഒ. രാജഗോപാലിലൂടെ ബിജെപി അക്കൗണ്ടുതുറന്നത് കോൺഗ്രസിന്റെ വോട്ടുകൊണ്ടാണെന്ന ആരോപണവുമായി മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button