Uncategorized

ചിത്രം വ്യക്തമായി കോർപറേഷനുകൾ, മേയർ – ഡപ്യൂട്ടി മേയർ ചർച്ചകൾ ആരംഭിച്ച് യുഡിഎഫ്; പരിഗണിക്കപ്പെടുന്നത് ഈ പേരുകാർ

തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 6 കോർപറേഷനുകളിലെ ഫലസൂചന പുറത്തുവന്നതോടെ വ്യക്തമായ ആധിപത്യം പുലർത്തി യുഡിഎഫ്. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ അധികാരത്തിൽ എത്തിയത് ഒഴിച്ചു നിർത്തിയാൽ നാല് കോർപറേഷനുകളിൽ ഭരണത്തിലെത്താനും ഒരു കോർപറേഷനിൽ ശക്തമായ തിരിച്ചുവരവ് നടത്താനും യുഡിഎഫിന് കഴിഞ്ഞു. കൊല്ലം, കൊച്ചി, തൃശൂർ‍, കണ്ണൂർ കോർപറേഷനുകളാണ് യു‍ഡിഎഫ് ഭരണമുറപ്പിച്ചത്. ഇതിൽ കണ്ണൂരിലേത് അധികാരത്തുടർച്ചയായിരുന്നെങ്കിൽ ബാക്കിയെല്ലായിടത്തും യുഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. എൽഎഡിഎഫിന് ആകെ ആശ്വാസിക്കാനുള്ളത് കോഴിക്കോട് കോർപറേഷനിലെ ഭരണതുടർച്ച മാത്രമാണ്.

തിരുവനന്തപുരം കോർപറേഷനിലെ ചരിത്ര വിജയം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനം നടത്തിയാണ് 50 സീറ്റുകളിലെ ഉജ്വല വിജയം ബിജെപി കൈവരിച്ചത്. ഇത്തവണ മേയർ പദവി ജനറൽ സംവരണമായതിനാൽ പല പേരുകളും ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.

ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ പേരാണ് മേയർ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. എന്നാൽ ശാസ്തമംഗലം വാർഡിൽ നിന്നു വിജയിച്ച മുൻ ഡിജിപി ആർ.ശ്രീലേഖയെ മേയറാക്കണമെന്ന ആവശ്യവും ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. ഡപ്യൂട്ടി മേയർ പദവി വനിതാ സംവരണമായതിനാൽ ശ്രീലേഖയെ ഈ സ്ഥാനത്തേക്കു പരിഗണിച്ച് രാജേഷിന് മേയർ പദവി എന്ന ഫോർമുലയും നേതൃത്വത്തിന് മുന്നിലുണ്ട്. ദേശീയ തലത്തിൽത്തന്നെ തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെ ഒരിക്കലും ഇളകാത്ത കോട്ട– തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ കൊല്ലം കോർപറേഷനെ കുറിച്ച് പലരും പറഞ്ഞിരുന്നത് ഇക്കാര്യമാണ്. എന്നാൽ ഫലം വന്നപ്പോൾ ഇടതുകോട്ട തകർത്ത് യുഡിഎഫ് അധികാരം തിരിച്ചു പിടിച്ചു. 56 അംഗ കോർപറേഷൻ കൗൺസിലിൽ 27 സീറ്റുകളാണ് യുഡിഎഫിന്. എൽഡിഎഫ് 16ഉം ബിജെപി 12ഉം സീറ്റുകളിൽ വിജയിച്ചു. ഒരു സീറ്റിൽ എസ്‌ഡിപിഐ സ്ഥാനാർഥിയും വിജയിച്ചു.

മേയർ പദവി ജനറൽ സംവരണമാണ് ഇക്കുറി. താമരക്കുളം ഡിവിഷനിൽനിന്നു വിജയിച്ച എ കെ ഹസീഫ് ആണ് മേയർ സ്ഥാനാർഥി. ഡപ്യൂട്ടി മേയർ പദവി വനിതാ സംവരണമായതിനാൽ ആർഎസ്‌പിക്ക് ഇതു നൽകാനാണ് ധാരണ. അപ്രതീക്ഷിത വിജയമായതിനാൽ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് യുഡിഎഫ് ആരുടെയും പേര് ഉയർത്തിക്കാട്ടിയിരുന്നില്ല. ആർഎസ്‌പിയുടെ ഷൈമ, ലീഗിന്റെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഡപ്യൂട്ടി മേയർ പദവിയിലേക്ക് ഉയരുന്നത്.

എൽഡിഎഫിന്റെ വികസനക്കണക്കുകളും റിബലുകളുടെ വെല്ലുവിളികളും മറികടന്നാണ് കൊച്ചി കോർപറേഷൻ യുഡിഎഫ് തിരിച്ചുപിടിച്ചത്. എൽഡിഎഫ് ഭരണം നിലനിർത്തിയേക്കാം എന്നുവരെ കരുതിയ കോർപറേഷനാണ് യുഡിഎഫിന്റെ കൈയിലെത്തിയത്. 76 ഡിവിഷനുകളിൽ യുഡിഎഫ് 47 ഇടത്ത് വിജയിച്ചപ്പോൾ എൽഡിഫ് 22 സീറ്റിലേക്കൊതുങ്ങി. എൻഡിഎ 6 ഇടത്തും വിജയിച്ചു. കൊച്ചി കോർപറേഷൻ രൂപീകരിച്ചിട്ട് ഇന്നു വരെ യുഡിഎഫ് വിജയിക്കാത്ത ഗാന്ധിനഗർ ഡിവിഷനിൽ ഇത്തവണ ചരിത്രം മാറി. കോൺഗ്രസിന്റെ നിർമല ടീച്ചർ സിപിഎമ്മിന്റെ മായാദേവി ടിയെ തറപറ്റിച്ചു. ‍

പാലാരിവട്ടം ഡിവിഷനിൽ മത്സരിച്ച വി.കെ.മിനിമോൾ, സ്റ്റേഡിയം ഡിവിഷനിൽനിന്ന് വിജയിച്ച ദീപ്തി മേരി വർ‍ഗീസ്, ഫോർട്ട്കൊച്ചിയിൽനിന്ന് വിജയിച്ച ഷൈനി മാത്യു, പുതുക്കലവട്ടം ഡിവിഷനിൽനിന്ന് വിജയിച്ച സീന ഗോകുലൻ തുടങ്ങിയവരുടെ പേരുകളൊക്കെ മേയർ സ്ഥാനത്തേക്കു പറഞ്ഞുകേൾക്കുന്നുണ്ട്. അതേസമയം കൊച്ചി കോർപറേഷനിൽ ഡപ്യൂട്ടി മേയർ ജനറൽ സീറ്റാണ് ഇക്കുറി. സാമുദായിക സമവാക്യം കൂടി പരിഗണിച്ചായിരിക്കും ഡപ്യൂട്ടി മേയർ സ്ഥാനാർഥിയെ യുഡിഎഫ് പ്രഖ്യാപിക്കുക.

വർഷങ്ങൾക്കു ശേഷം തൃശൂർ കോർപറേഷൻ തിരിച്ചു പിടിച്ചതിന്റെ ആരവത്തിലാണ് കോൺഗ്രസ് ക്യാംപ്. ഒരു കാലത്ത് ഐ ഗ്രൂപ്പിന്റെ ഉരുക്കുകോട്ടയായിരുന്ന തൃശൂർ നഗരവും പരിസരവും. എന്നാൽ സംഘടനാപരമായ പ്രശ്നങ്ങൾ കാരണം പലപ്പോഴായി കോർപറേഷൻ ഭരണം കൈവിട്ടു. കഴിഞ്ഞ തവണ ലോക്സഭാ സീറ്റു കൂടി കൈവിട്ടതോടെയാണ് നേതൃത്വം വടിയെടുത്തത്. അതിന്റെ ഗുണം തദ്ദേശ തിര‍ഞ്ഞെടുപ്പിൽ കണ്ടു. 56 അംഗ കോർപറേഷനിൽ 33 സീറ്റുകളുമായി ഉജ്ജ്വല വിജയമാണ് യുഡിഎഫ് കൈവരിച്ചത്. എൽഡിഎഫ് 11ലേക്ക് ഒതുങ്ങിയപ്പോൾ അട്ടിമറി നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപി 8 ലേക്ക് ഒതുങ്ങി.

ഇക്കുറി വനിതാ സംവരണമാണ് തൃശൂർ കോർപറേഷൻ മേയർ സ്ഥാനം. ലാലി ജയിംസ്, സുബി ബാബു, നിജി ജസ്റ്റിൻ എന്നിരുടെ പേരുകളാണ് മേയർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. ഡപ്യൂട്ടി മേയർ സ്ഥാനം ജനറൽ സംവരണമാണെങ്കിലും ഈ മൂന്നു വനിതകളിൽ ഒരാൾ തന്നെയായിരിക്കും ഈ സ്ഥാനത്തേക്കും പരിഗണിക്കപ്പെടുക.

∙ ചുവന്ന തുരുത്തായി കോഴിക്കോട്

കോഴിക്കോട് കോർപറേഷനിൽ ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ 76 സീറ്റിൽ 34 സീറ്റ് നേടി എൽഡിഎഫാണ് മുന്നിൽ. കേവല ഭൂരിപക്ഷമായ 39 സീറ്റ് നേടാൻ ആർക്കുമായില്ല. 26 സീറ്റുമായി യുഡിഎഫ്, 13 സീറ്റുമായി എൻഡിഎ, മറ്റുള്ളവർ 3 എന്ന നിലയിലാണ് ബാക്കി സീറ്റുനില. മേയർ സ്ഥാനാർഥിയായി ഇടതു–വലതു മുന്നണികൾ അവതരിപ്പിച്ച സ്ഥാനാർഥികൾ ഇത്തവണ തോറ്റു. എൽഡിഎഫിന്റെ മേയർ സ്ഥാനാർഥിയും നിലവിലെ ഡപ്യൂട്ടി മേയറുമായ സി.പി.മുസാഫർ അഹമ്മദ് 271 വോട്ടിനും യുഡിഎഫിന്റെ മേയർ സ്ഥാനാർഥി പി.എം.നിയാസ് പാറോപ്പടി വാർഡിൽ 260 വോട്ടിനുമാണ് പരാജയപ്പെട്ടത്.

കോട്ടൂളി വാർഡിൽ എൽഡിഎഫ് ഡപ്യൂട്ടി മേയറായി അവതരിപ്പിച്ച ഡോ.എസ്.ജയശ്രീ 271 വോട്ടിന് ജയിച്ചു. ജയശ്രീയെയോ തടമ്പാട്ടുതാഴത്ത് നിന്ന് ജയിച്ച സിപിഎം നേതാവ് ഒതയമംഗലത്ത് സദാശിവൻ, മാത്തോട്ടത്തുനിന്ന് കന്നിമത്സരത്തിൽ സിപിഎം സ്ഥാനാർഥിയായി ജയിച്ച മുൻ ഡപ്യൂട്ടി കലക്ടർ അനിതാ കുമാരി എന്നിവരെയോ ആകും ഭരണം പിടിക്കാനായാൽ മേയർ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുകയെന്നാണ് സൂചന. ഡെപ്യൂട്ടി മേയർ പദവി വനിതാ സംവരണമായതിനാൽ ജയശ്രീയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്.

∙ കണ്ണൂരിൽ വിജയത്തുടർച്ച

കണ്ണൂർ കോർപറേഷനിലെ 56 സീറ്റുകളിൽ 36 ഇടത്തും വിജയിച്ച് തിളക്കമാർന്ന വിജയമാണ് യുഡിഎഫ് ഇത്തവണ സ്വന്തമാക്കിയത്. 15 ഇടത്ത് എൽഡിഎഫും 4 സീറ്റിൽ എൻഡിഎയും ഒരിടത്ത് എസ്ഡിപിഐയും വിജയിച്ചു. 2020 ൽ, മറ്റ് 5 കോർപറേഷനുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിന്റെ ഏക ആശ്വാസമായിരുന്നു കണ്ണൂർ കോർപറേഷൻ. എന്നാൽ ഇക്കുറി ഉജ്വല വിജയം തന്നെ യുഡിഎഫ് ഇവിടെ ആവർത്തിച്ചു.

വനിതാ സംവരണമാണ് ഇക്കുറി മേയർ പദവി. യുഡിഎഫ് അംഗങ്ങളായ ഇന്ദിര, ശ്രീജ മഠത്തിൽ എന്നിവരുടെ പേരാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഡപ്യൂട്ടി മേയറായി വാരം ഡിവിഷനിൽ നിന്ന് വിജയിച്ച കെ.പി.താഹിറിനെയും പരിഗണിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button