പാലത്തായി കേസ്: പത്മരാജനെ ജോലിയില്‍ നിന്ന് നീക്കം ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: പാലത്തായി കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഇയാളെ ജോലിയില്‍ നിന്നും നീക്കം ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്കി. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറിനാണ് നിര്‍ദ്ദേശം നല്‍കിയത്.
കണ്ണൂര്‍ പാലത്തായി യുപി സ്കൂള്‍ അധ്യാപകന് പത്മരാജനെതിരായ പോക്സോ കേസില്‍ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ച സാഹചര്യത്തില്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ അദ്ധ്യായം XIV-A, ചട്ടം 77-A പ്രകാരമുള്ള തുടര്‍ നടപടി സ്വീകരിച്ച് ഇയാളെ സേവനത്തില്‍ നിന്നും നീക്കം ചെയ്യുന്നതിന് സ്കൂള്‍ മാനേജര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കുന്നതിന് ചുമതലപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ മാനേജര്‍ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.




