പൊളിഞ്ഞുവീഴാറായ വീട്ടില്‍ 22 പേര്; വയനാട് കുറുമ്പാലക്കോട്ടയിലെ ആദിവാസി കുടുംബങ്ങളുടെ ദുരവസ്ഥയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്

വയനാട് പനമരം കുറുമ്പാലകോട്ടയില്‍ ആദിവാസി കുടുംബം അനുഭവിക്കുന്ന ദുരവസ്ഥയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. വാര്‍ത്തയ്ക്ക് പിന്നാലെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. വയനാട് ജില്ലാ കളക്ടറും ട്രൈബര്‍ ഡവലപ്മെന്റ് ഓഫിസറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. ചുമരും മേല്‍ക്കൂരയും തകര്‍ന്ന് നിലംപതിക്കാറായ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. വീട്ടില്‍ ശുചിമുറി സൗകര്യം ഇല്ലാത്തതും കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ സൗകര്യമില്ലാത്തതും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ട്വന്റിഫോര്‍ വാര്‍ത്ത. ചെന്നെത്താന്‍ പോലും ഏറെ പ്രയാസമുള്ള ഒരിടത്ത് അധികാരികളാരും തിരിഞ്ഞുനോക്കാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു ഈ കുടുംബം. ഈ സംഭവത്തിലാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടിരിക്കുന്നത്. ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റേതാണ് ഉത്തരവ്.




