Uncategorized

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട്: നെന്മാറ സജിത വധകേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതിയാണ് ചെന്താമരയെ കുറ്റക്കാരൻ എന്ന് വിധിച്ചത്. കേസിൽ ശിക്ഷാവിധി ഈ മാസം 16ന് പ്രസ്താവിക്കും. വിധിക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കൊന്നും ചെന്താമര മറുപടി നൽകാൻ തയ്യാറായില്ല. ചെന്താമരയ്ക്ക് കനത്ത ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് സജിതയുടെ മക്കൾ പ്രതികരിച്ചു.

68 സാക്ഷികളുള്ള കുറ്റപത്രമാണ് 2020ൽ കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 4നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സാക്ഷി വിസ്താരത്തിനിടയിൽ പലതവണ ചെന്താമര കോടതി വളപ്പിൽ ഭീഷണി മുഴക്കിയെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ കോടതിയിൽ അറിയിച്ചു.

അയൽവാസിയായിരുന്ന സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു. ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button